Top News

മുൻചക്രം ഊരിത്തെറിച്ച് ഓട്ടോ മറിഞ്ഞ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കുമ്പള: ഓട്ടോറിക്ഷയുടെ മുൻചക്രം ഊരിത്തെറിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് മാതാവിന്റെ കൈയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൊക്കച്ചാൽ പിലന്തൂറിലെ ഖാസിം-ഫായിസ ദമ്പതിമാരുടെ മകൻ റിസ്‌വാൻ (രണ്ട്) ആണ് മരിച്ചത്.[www.malabarflash.com]


ബന്തിയോട് മീപ്പിരിയിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മുൻചക്രത്തിന്റെ ബോൾട്ടിന് പ്രശ്നമുള്ളത് നന്നാക്കാനായി വർക്ക്‌ ഷോപ്പിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബന്തിയോട് ഭാഗത്തേക്ക് പോവാൻ നിൽക്കുകയായിരുന്ന കുട്ടിയുടെ മാതാവ് കൈ കാണിച്ചപ്പോൾ ഡ്രൈവർ അവരെ ഓട്ടോയിൽ കയറ്റുകയായിരുന്നു. ഓട്ടോയുടെ പ്രശ്നം കാര്യമാക്കാതെയാണ് ഡ്രൈവർ ഇവരെ വാഹനത്തിൽ കയറ്റിയതെന്നും ആരോപണമുണ്ട്.

മീപ്പിരി വളവെത്തിയപ്പോൾ ബോൾട്ട് ഇളകിയതിനെത്തുടർന്ന് മുൻചക്രം ഊരിത്തെറിച്ച ഓട്ടോ റോഡിലിടിച്ച്‌ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തല തകർന്ന കുഞ്ഞ് അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഡ്രൈവർ കയ്യാറിലെ പ്രസാദി (26) നെതിരേ കുമ്പള പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post