NEWS UPDATE

6/recent/ticker-posts

മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് ഒടുവില്‍ മലയാളം പഠിച്ച കഥയുമായി സൗദി യുവാവ് ടിവി ഷോയില്‍

റിയാദ് : വീട്ടിലെ മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്വയം മലയാളം പഠിച്ച അനുഭവം വെളിപ്പെടുത്തി സൗദി യുവാവിന്റെ ടിവി ഷോ. അല്‍ഇഖ്ബാരിയ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത സൗദി പൗരന്‍ അബ്ദുല്ലയാണ് മലയാളം പഠിച്ചതിന്റെ അനുഭവം പങ്കുവച്ചത്.[www.malabarflash.com] 

അറബി വാക്കുകള്‍ക്ക് മലയാളത്തിലുള്ള തത്തുല്യ പദങ്ങള്‍ പതിവായി മലയാളി െ്രെഡവര്‍ ഉപയോഗിച്ചതിലൂടെയാണ് താന്‍ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു. മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്‌കരമായിരുന്നു. ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. അങ്ങിനെയാണ് മലയാളം പഠിക്കേണ്ടിവന്നത്. 

മലയാളത്തിനു പുറമെ അബ്ദുല്ലക്ക് ഇന്ത്യയിലെ മറ്റു ഭാഷകളിലും നേരിയ പരിജ്ഞാനമുണ്ട്. റോഡുകളില്‍ വെച്ചും മറ്റും കണ്ടുമുട്ടുന്ന ഇന്ത്യക്കാരുമായി അവരുടെ ഭാഷയില്‍ സംസാരിച്ചാണ് ഭാഷാ പരിജ്ഞാനം നേടുന്നത്.

മലയാളം വശമാക്കിയതിലൂടെ തട്ടിപ്പ് ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചതിന്റെ അനുഭവവും അബ്ദുല്ല പങ്കുവെച്ചു. ഒരിക്കല്‍ കാറിന്റെ തകരാറ് തീര്‍ക്കുന്നതിന് മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പിനെ സമീപിച്ചു. വാഹനം പരിശോധിച്ച് എന്‍ജിനില്‍ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നും തകരാറ് എന്താണെന്നും പരസ്പരം സംസാരിച്ച വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, കാര്യമായ കേടാണെന്ന് പറഞ്ഞ് വലിയ ഒരുതുക ആവശ്യപ്പെടാമെന്ന് ധാരണയിലെത്തി. 

അബ്ദുല്ലക്ക് മലയാളം അറിയില്ലെന്ന ധാരണയിലാണ് അദ്ദേഹത്തിന്റെ മുന്നില്‍വച്ചു തന്നെ തട്ടിപ്പു നടത്തുന്നത് സംബന്ധിച്ച് മലയാളത്തില്‍ സംസാരിച്ചത്. ഇതുപ്രകാരം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ടു. മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ചു. കാറിലെ തകരാറ് കൃത്യമായി താന്‍ അവര്‍ക്ക് വിശദീകരിച്ചു നല്‍കി. നിസാരമായ തുക മാത്രമേ ഈ തകരാറ് ശരിയാക്കാന്‍ വേണ്ടിവരികയുള്ളൂവെന്നും അവരോട് പറഞ്ഞു. 

എന്‍ജിനിലെ തകരാറ് ഇത്രയും കൃത്യമായി താന്‍ വിശദീകരിച്ചുനല്‍കിയത് കേട്ട് രണ്ടാമത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അമ്പരന്നതായും അബ്ദുല്ല പറയുന്നു. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അബ്ദുല്ല അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Post a Comment

0 Comments