NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി

ബെംഗളുരു: കര്‍ണാടകയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ദിവസം മുഴുവനും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുളള കടകള്‍ക്കും ഇതര വ്യാപാരസ്ഥാപനങ്ങള്‍ക്കുമാണ് ഈ അനുമതിയുള്ളത്. ഇത്തരത്തില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.[www.malabarflash.com] 

തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക, സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം. ഒരു ജീവനക്കാരനേയും ദിവസത്തില്‍ എട്ടുമണിക്കൂറില്‍ കൂടുതലോ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതലോ തൊഴിലെടുപ്പിക്കാന്‍ പാടില്ല. 

ഓവര്‍ടൈം ഉള്‍പ്പടെയുളള ജോലിസമയം പത്തുമണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല, എല്ലാ ജീവനക്കാര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. ദിവസത്തില്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ ടൈം അലവന്‍സ് നല്‍കണം. 

സാധാരണ സാഹചര്യങ്ങളില്‍ സ്ത്രീ ജീവനക്കാരെ രാത്രി എട്ടുമണിക്ക് ശേഷം ജോലി ചെയ്യിപ്പിക്കരുത് എന്നീ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. ഷിഫ്റ്റ് സമയക്രമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കും. 

അവധി ദിവത്തിലോ, സാധാരണ ജോലിസമയത്തിന് പുറത്തോ ഓവര്‍ടൈം ഉടമ്പടി ഇല്ലാതെ ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നിയമപരമായ നടപടികള്‍ കൈക്കൊളളുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Post a Comment

0 Comments