NEWS UPDATE

6/recent/ticker-posts

റംസിയുടെ സഹോദരിയെ കണ്ടെത്തി; നാടുവിട്ടത് കൂട്ടായ്മയിലെ അംഗത്തിനൊപ്പം

മൂവാറ്റുപുഴ: കൊട്ടിയത്ത് ജീവനൊടുക്കിയ റംസിയുടെ സഹോദരി ആന്‍സി(24)യെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്. യുവതിയെ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പം മൂവാറ്റുപുഴയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ജസ്റ്റിസ് ഫോര്‍ റംസി എന്ന സാമൂഹികമാധ്യമ കൂട്ടായ്മയിലെ അംഗമായ യുവാവിനൊപ്പമാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.[www.malabarflash.com]

ജനുവരി 18-നാണ് ആന്‍സിയെ കാണാനില്ലെന്ന് ഭര്‍ത്താവ് മുനീര്‍ കൊല്ലം ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്. പത്ത് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി പോയതെന്നും ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് മൂവാറ്റുപുഴ പോലീസിന് വിവരം കൈമാറി. പിന്നാലെ മൂവാറ്റുപുഴ പോലീസ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ടൌണില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബെംഗളൂരുവിലേക്ക് പോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നും അതിനുള്ള പണം സംഘടിപ്പിക്കാനായി മൂവാറ്റുപുഴയിലെ സുഹൃത്തിനെ കാണാനെത്തിയതാണെന്നും പോലീസ് പറഞ്ഞു. രണ്ടുപേരെയും പിന്നീട് ഇരവിപുരം പോലീസിന് കൈമാറി.

കാണാതായെന്ന പരാതിയിലാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ബാലനീതി വകുപ്പടക്കം ചുമത്തി കേസെടുക്കണമോ എന്നകാര്യം പരുശോധിച്ചുവരികയാണെന്നും ഇരവിപുരം പോലീസ് പറഞ്ഞു. യുവതിയെ വെളളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിലും മറ്റും സജീവമായിരുന്നു ആന്‍സി. ഇതിനിടെയാണ് ജസ്റ്റിസ് ഫോര്‍ റംസിയെന്ന സാമൂഹിക മാധ്യമ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ യുവാവുമായി അടുപ്പത്തിലായത്. ഇയാള്‍ നേരത്തെയും സമാനമായ ചില സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്നും സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്ന ആളാണെന്നുമാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments