Top News

എംപിമാരുടെ എതിര്‍പ്പ്; കുവൈത്ത് മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു -മന്ത്രിമാര്‍ രാജിവെച്ചു

കുവൈത്ത് സിറ്റി: പാര്‍ലമെന്റും സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാര ഫോര്‍മുലയുടെ ഭാഗമായി കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു.[www.malabarflash.com] 

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് സീഫ് പാലസിലെത്തി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അസ്സബാഹ് ആണ് മുഴുവന്‍ മന്ത്രിമാരുടെയും രാജി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. പ്രശ്‌നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാര്‍ ഉറച്ചുനില്‍ക്കുന്നു.

ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹിനെയാണ് എംപിമാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 50 അംഗ പാര്‍ലമെന്റില്‍ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. 

ഡിസംബര്‍ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിന് മുമ്പാണ് മുഴുവന്‍ മന്ത്രിമാരും രാജിവെക്കുന്നത്. പുനഃസംഘടനയില്‍ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്ന കാര്യം വ്യക്തമല്ല. പ്രതിപക്ഷ എം.പിമാര്‍ക്ക് ശക്തിയുള്ള നിലവിലെ പാര്‍ലമെന്റും സര്‍ക്കാറും തമ്മില്‍ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Post a Comment

Previous Post Next Post