Top News

സ്വന്തം അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്രീസറില്‍ ഒളിപ്പിച്ച് മകള്‍; ഒടുവില്‍ രഹസ്യം പുറത്ത്...

സ്വന്തം അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്രീസറിലാക്കി വീട്ടിനകത്ത് സൂക്ഷിച്ച് മകള്‍. ജപ്പാനില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്തയെത്തുന്നത്. [www.malabarflash.com]


പലപ്പോഴും ഇത്തരത്തില്‍ പ്രിയപ്പെട്ടവരുടെ മരണം പുറംലോകത്തെ അറിയിക്കാതെ സൂക്ഷിക്കുന്ന ആളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കാണാറുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനസികപ്രശ്‌നങ്ങളുള്ളവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലുള്‍പ്പെടുന്നത്.

എന്നാല്‍ ചിലപ്പോഴെങ്കിലും തക്കതായ ഒരു കാരണത്തിന്റെ പേരില്‍ ഇങ്ങനെ ചെയ്യുന്നവരും ഉണ്ടാകാം. സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് മിക്കവാറും ഇതുപോലുള്ള കേസുകളില്‍ കാരണമായി വരാറ്. സമാനമായ പശ്ചാത്തലം തന്നെയാണ് ജപ്പാനിലെ സംഭവത്തിനുമുള്ളത്.

അറുപതുകാരിയായ അമ്മയുടെ മരണം പുറംലോകത്തെ അറിയിച്ചാല്‍ വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയമായിരുന്നുവേ്രത ആ മകളെ ഇതിന് പ്രേരിപ്പിച്ചത്. അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവരുടേത്.

അമ്മ മരിച്ചുവെന്നറിഞ്ഞാല്‍ ഉടമസ്ഥര്‍ തന്നെ അവിടെ നിന്ന് പുറത്താക്കുമെന്ന് മകള്‍ യൂമി യോഷിനോ ആശങ്കപ്പെട്ടിരുന്നുവത്രേ. ഇതിനെ തുടര്‍ന്ന് അമ്മയുടെ മരണം രഹസ്യമാക്കി വയ്ക്കാന്‍ യൂമി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒരു ഫ്രീസറില്‍ മൃതദേഹമാക്കി, അത് വീട്ടിനകത്ത് ആരും അറിയാത്ത വിധമൊരിടത്ത് സൂക്ഷിച്ചു.

അങ്ങനെ പത്ത് വര്‍ഷം കടന്നുപോയി. എന്നാല്‍ വീട്ടുവാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ നാല്‍പത്തിയെട്ടുകാരിയായ യൂമിക്ക് അവിടെ നിന്നിറങ്ങേണ്ടി വന്നു. തുടര്‍ന്ന് വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ തൂപ്പുകാരാണ് ഫ്രീസറും അതിനകത്തെ മൃതദേഹവും കണ്ടത്.

വൈകാതെ തന്നെ പോലീസ് യൂമിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും മരണകാരണമോ മരണത്തിന്റെ കൃത്യമായ സമയമോ ഒന്നും കണ്ടെത്താനായിട്ടില്ല. ഇനി യൂമിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവര്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടോയെന്ന സ്ഥിരീകരണവും പോലീസ് നടത്തും. എന്തായാലും വിചിത്രമായ സംഭവം പുറത്തറിഞ്ഞതോടുകൂടി യൂമിയുടെ അയല്‍വാസികളും മറ്റുമെല്ലാം ഭയന്ന അവസ്ഥയിലാണുള്ളത്. കാര്യമായ വാര്‍ത്താശ്രദ്ധയും സംഭവത്തിന് ലഭിക്കുകയുണ്ടായി.

Post a Comment

Previous Post Next Post