Top News

ദേശീയപാത സ്ഥലമെടുപ്പ്: സംസ്ഥാന വിഹിതത്തിൽ നിന്ന് 604.90 കോടി വിതരണം ചെയ്യാൻ അനുമതി

തിരുവനന്തപുരം:  ദേശീയപാത 66ൽ കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെ ആറുവരിപ്പാത വികസനത്തിന്‍റെ സ്ഥലമെടുപ്പിനുള്ള സംസ്ഥാന വിഹിതമായ 25 ശതമാനത്തില്‍ 604.90 കോടി കൂടി വിതരണം ചെയ്യാന്‍ അനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അറിയിച്ചു.[www.malabarflash.com] 

ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട കണക്കുകള്‍ പ്രകാരം മൂന്നു തവണയായി 525.70 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. അതിനു പുറമെയാണ് ഇത്.

ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയപാതാ വികസനത്തില്‍ കേരളത്തില്‍ മാത്രമാണ് 25 ശതമാനം തുക സംസ്ഥാനം നല്‍കണമെന്ന നിബന്ധന വെച്ചിട്ടുള്ളത്. തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് നല്‍കുന്നത്.

പ്രസ്തുത നിബന്ധന അംഗീകരിച്ചതിനു ശേഷമാണ് കാസര്‍കോട് ജില്ലയിലെ തലപ്പാടി- ചെങ്ങള, ചെങ്ങള- നീലേശ്വരം, കണ്ണൂര്‍ ജില്ലയിലെ പേരോള്‍– തളിപ്പറമ്പ്, തളിപ്പറമ്പ്- മുഴപ്പിലങ്ങാട്, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍– വെങ്ങളം, മലപ്പുറം ജില്ല ഉള്‍പ്പെടുന്ന രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട്, കൊല്ലം ജില്ലയിലെ കൊറ്റന്‍കുളങ്ങര- കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപാസ് – കടമ്പാട്ടുകോണം എന്നീ റീച്ചുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചത്.

ഇതില്‍ ചെങ്ങള- നീലേശ്വരം, പേരോള്‍– തളിപ്പറമ്പ് എന്നിവ പ്രവൃത്തി കരാറുകാര്‍ക്ക് അവാര്‍ഡ് ചെയ്തു. കൂടാതെ തലശേരി- മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയില്‍വേ മേല്‍പ്പാലം, വടകര ഭാഗത്തെ പാലോളി, മൂരാട് പാലങ്ങള്‍, കഴക്കൂട്ടം മേല്‍പ്പാലം എന്നിവ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.

ഈ സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തില്‍പ്പെട്ട സംസ്ഥാനത്തെ പ്രധാന വികസന പദ്ധതിയായ ദേശീയപാത വികസനവും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത വികസനം ത്വരിതപ്പെടുത്തുന്നതിനോടൊപ്പം സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾക്കും വേഗത്തിൽ തന്നെ നഷ്ടപരിഹാരം ഉറപ്പാക്കുവാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post