ഉദുമ: ജയിച്ച സ്ഥാനാർത്ഥിക്ക് പുത്തൻ കാർ സമ്മാനമായി നൽകി. ചെമ്മനാട് പഞ്ചായത്തിലെ 15ാം വാർഡിൽ (കളനാട്) നിന്നും വിജയിച്ച മൈമൂന അബ്ദുര്‍ റഹ് മാനാണ് സഹപ്രവര്‍ത്തകര്‍ കാർ സമ്മാനമായി നൽകിയത്.[www.malabarflash.com]
മൈമൂനയുടെ ഭർത്താവും മുൻ പഞ്ചായത്ത് അംഗവുമായ അബ്ദുര്‍ റഹ് മാൻ കളനാടിൻ്റെ പ്രവർത്തന മികവിനോടുള്ള ആദരം കൂടിയായാണ് വിജയിച്ച സ്ഥാനാർത്ഥിക്ക് ലക്ഷങ്ങൾ വിലയുള്ള പുത്തൻ കാർ സമ്മാനമായി നൽകിയിരിക്കുന്നത്.
ഐ എൻ എല്ലിൻ്റെ സ്ഥാനാർത്ഥിയായാണ് മൈമൂനയും വിജയിച്ചത്. എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെട്ട് പരിഹാരങ്ങൾ ഉണ്ടാക്കുന്ന അബ്ദുര്‍ റഹ് മാന്‍ കളനാട് വാർഡിലെ ജനകീയനായ ജനപ്രതിനിധിയായിരുന്നു.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഗ്യാസ് സിലിന്‍ഡര്‍ തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങള്‍ വീടുകളിലെത്തിച്ചു കൊടുക്കുന്നതിന് വേണ്ടിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മെമ്പറെന്ന നിലയില്‍ സജീവമായി പ്രവർത്തിച്ച അബ്ദുര്‍ റഹ് മാൻറെ ഭാര്യ മൈമൂനയെയാണ് ഇക്കുറി ഇടത് പക്ഷം വാര്‍ഡ് നിലനിര്‍ത്താന്‍ രംഗത്തിറക്കിയത്. ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നത്.
പെൻഷൻ, റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ തുടങ്ങി ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിലെല്ലാം അബ്ദുര്‍ റഹ് മാന്‍റെ സാന്നിധ്യവും സഹായങ്ങളും വോട്ടാക്കിമാറ്റാന്‍ ഐ എന്‍ എല്ലിന് സാധിച്ചു.
നാഷണൽ ലീഗ് മുതിർന്ന നേതാവ് സി എച്ച് ആമുവാണ് കാറിൻ്റെ താക്കോൽദാനം നടത്തിയത്. ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മൊയ്തീൻ കുഞ്ഞി കളനാട് തുടങ്ങി നിരവധി പേർ കാർ സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷികളായി.
0 Comments