NEWS UPDATE

6/recent/ticker-posts

മാസങ്ങളായി ശമ്പളമില്ല; കർണാടകയിലെ ഐഫോൺ നിർമാണ ഫാക്റ്ററി ജീവനക്കാർ അടിച്ചു തകർത്തു

ബം​ഗളൂരു: ആപ്പിൾ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾക്കായി സ്മാർട്ട്ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും നിർമിക്കുന്ന തായ്‌വാൻ ആസ്ഥാനമായുള്ള വിസ്‌ട്രോൺ കോർപറേഷന്റെ നർസാപുര പ്ലാന്റ് ജീവനക്കാർ അടിച്ചു തകർത്തു.[www.malabarflash.com]

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിൽ തൊഴിലാളികൾ അസംതൃപ്തരായിരുന്നുവെന്ന് കോലാർ ജില്ലാ പോലിസ് പറഞ്ഞു. പ്ലാന്റിലെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ട നിലയിലും തീവച്ച നിലയിലുമുള്ളതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. 

ഏതാനും മാസങ്ങളായുള്ള ശമ്പള കുടിശ്ശിക തീർത്തുതരണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയും ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച എച്ച്ആർ ഉദ്യോഗസ്ഥരെ കാണുകയും ചെയ്തിരുന്നു.

മാനേജ്മെന്റിന്റെ ഭാ​ഗത്തു നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ ഓഫീസ് ആക്രമിക്കുകയും ഓഫീസ് പരിസരവും ഫർണിച്ചറുകളും നശിപ്പിക്കുകയും ചെയ്തുവെന്ന് കോലാർ എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതായും സംശയിക്കുന്ന ചിലരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു. 

ബംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് പ്ലാന്റ്. ഫർണിച്ചർ, കമ്പ്യൂട്ടർ, ഫാക്ടറി ഉപകരണങ്ങൾ എന്നിവ ജീവനക്കാർ നശിപ്പിച്ചതായി പോലിസ് വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ രണ്ട് വാഹനങ്ങൾക്ക് തീയിടാൻ ശ്രമിച്ച ജീവനക്കാർ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റ് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നും പോലിസ് പറഞ്ഞു. 

പതിനായിരത്തോളം ജോലിക്കാർ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ട്. കോലാർ, ചിക്കബാലാപൂർ, ബംഗളൂരു ഗ്രാമ, നഗര ജില്ലകളിൽ നിന്നുള്ളവരാണ് പ്ലാന്റിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. അക്രമങ്ങളിൽ ഏർപ്പെടാതെ പരിഹാരത്തിന് മറ്റുവഴികളുണ്ടെന്ന് ഐടി, ബയോടെക്നോളജി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കർണാടക ഉപമുഖ്യമന്ത്രി ഡോ. സി അശ്വത്നാരായണൻ പറഞ്ഞു.

Post a Comment

0 Comments