Top News

ഹൃദയം തകർത്ത്​ റോയ്​ കൃഷ്​ണ; ബ്ലാസ്​റ്റേഴ്​സിന്​ സങ്കടത്തുടക്കം

ബാംബോലിം (ഗോവ): ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം. പുതിയ പരിശീലകനു കീഴിൽ പുതുക്കിപ്പണിത ടീമുമായി എത്തിയ ബ്ലാസ്റ്റേഴ്സിനെ, നിലവിലെ ചാംപ്യൻമാരായ എടികെ മോഹൻ ബഗാനാണ് തോൽപ്പിച്ചത്.[www.malabarflash.com]

ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ മോഹൻ ബഗാന്റെ വിജയം. ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോൾ നേടിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം 67–ാം മിനിറ്റിലാണ് മത്സരഫലം നിർണയിച്ച ഗോൾ പിറന്നത്.

അപകടം സൃഷ്ടിച്ച് സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വരുത്തിയ പിഴവാണ് ഗോളിന് വഴിവച്ചത്. വലതുവിങ്ങിലൂടെ കുതിച്ചെത്തി മൻവീർ സിങ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് പന്ത് നീട്ടുമ്പോൾ അപകടമൊഴിവാക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സമയമുണ്ടായിരുന്നു. അതുവരെ ജാഗ്രതയോടെ ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച പ്രതിരോധനിരയ്ക്ക് സംഭവിച്ച ജാഗ്രതക്കുറവ് റോയ് കൃഷ്ണ മുതലെടുത്തു. ഓടിയെത്തി റോയ് കൃഷ്ണ തൊടുത്ത ഷോട്ട് നേരെ വലയിൽ. സ്കോർ 1–0.

മത്സരത്തിലുടനീളം പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നിൽനിന്ന ബ്ലാസ്റ്റേഴ്സിന്, മികച്ചൊരു അവസരം പോലും സൃഷ്ടിച്ചെടുക്കാനായില്ല. മത്സരത്തിൽ ഭൂരിഭാഗം സമയവും പ്രതിരോധത്തിലായിരുന്ന എടികെ ആകട്ടെ, വീണുകിട്ടിയ അവസരം മുതലെടുത്ത് മത്സരം സ്വന്തമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post