NEWS UPDATE

6/recent/ticker-posts

ഓക്സ്ഫഡ് വാക്സീൻ ഗുരുതര പ്രശ്നം സൃഷ്ടിച്ചു; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്‌


ന്യൂഡൽഹി:  ലോകരാജ്യങ്ങൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന കോവിഡ് സാധ്യതാ വാക്സീനായ ഓക്സ്ഫഡ് വാക്സീന്റെ പരീക്ഷണവും നിർമാണവും വിതരണവും അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ചെന്നൈയിൽനിന്നുള്ള സന്നദ്ധ പ്രവർത്തകൻ.[www.malabarflash.com]

ഡോസ് എടുത്തതിനു പിന്നാലെ തനിക്കുണ്ടായ നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങൾക്കു നഷ്ടപരിഹാരമായി 5 കോടി രൂപയും 40കാരനായ ബിസിനസ് കൺസൾറ്റന്റ് ആവശ്യപ്പെട്ടതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

അസ്ട്രാസെനക്കയുമായി സഹകരിച്ച് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നിർമിച്ച വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നായ പുണെ സീറം ഇൻസ്റ്റിറ്റ്യൂ‌ട്ടാണു നടത്തുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും 2 വാക്സീൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങാനിരിക്കെയാണു പരാതിയുമായി വൊളന്റിയർ രംഗത്തെത്തിയത്.

ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലാണു കോവിഷീൽഡിന്റെ ഒരു ഷോട്ട് ഇദ്ദേഹം സ്വീകരിച്ചത്. സന്നദ്ധ പ്രവർത്തകൻ നേരിടുന്ന പ്രശ്നങ്ങൾ വാക്സീൻ എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും (ഡിജിസിഐ) ഇൻസിറ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയും പരിശോധിക്കുകയാണ്. 

വൊളന്റിയർക്കുവേണ്ടി നിയമസ്ഥാപനം നവംബർ 21ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഡിജിസിഐ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവയ്ക്കു നോട്ടിസ് അയച്ചു.

യുകെ അസ്ട്രാസെനക്കയുടെ സിഇഒ, ഓക്സ്ഫഡ് വാക്സീൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ, ശ്രീ രാമചന്ദ്ര ഉന്നത വിദ്യാഭ്യാസ ഗവേഷണ വൈസ് ചാൻസലർ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. ‘താൻ ഇപ്പോഴും സുഖമില്ലാതെ ഇരിക്കുകയാണ്. ദീർഘകാലത്തേക്ക് വൈദ്യസഹായം തേടേണ്ടി വരും. അനുഭവിക്കുന്ന എല്ലാ ആഘാതങ്ങൾക്കും അനിശ്ചിതത്വത്തിലായ ഭാവിക്കും നഷ്ടപരിഹാരമായി ഈ അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ 5 കോടി രൂപ സാമ്പത്തിക നഷ്ടപരിഹാരം നൽകണം’– യുവാവ് നോട്ടിസിൽ പറയുന്നു. നോട്ടിസിലെ ആരോപണങ്ങൾ തെറ്റാണെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു.

Post a Comment

0 Comments