അലിഗഡ്: പരിചയക്കാരന് 200 രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് അലിഗഡിലെ സിവിൽ ലൈൻസ് പ്രദേശത്തെ തിരക്കേറിയ മാർക്കറ്റിൽ യുവാവിനെ വെടിവച്ചു കൊന്നു. മൂന്നു കുട്ടികളുടെ പിതാവായ അൻസാർ അഹമ്മദ് (30) ആണ് കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു.[www.malabarflash.com]
സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷംഷാദ് മാർക്കറ്റിൽ ടയർ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന അൻസാറിനെ ശനിയാഴ്ച ആസിഫ് എന്നയാളാണു വെടിവച്ചത്. പ്രതി ലഹരിമരുന്നിന് അടിമയാണെന്നും കുറ്റകൃത്യം നടത്തിയശേഷം ഓടി രക്ഷപ്പെട്ടെന്നും പോലീസ് സൂപ്രണ്ട് അഭിഷേക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
മോട്ടർ സൈക്കിൾ തരുമോയെന്നു ചോദിച്ചാണ് ആസിഫ് ആദ്യം അൻസാറിനെ സമീപിച്ചത്. പക്ഷേ കൊടുത്തില്ല. പിന്നീട് പ്രതി കടയിൽ വന്ന് 200 രൂപ ആവശ്യപ്പെട്ടു. അതും വിസമ്മതിച്ചതോടെ ആസിഫ് പോക്കറ്റിൽനിന്ന് തോക്ക് പുറത്തെടുത്തു വെടിയുതിർക്കുകയായിരുന്നു. സമീപത്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനവുമായി ഇയാൾ ഉടൻ സ്ഥലം കാലിയാക്കിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
0 Comments