Top News

പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍, സഹ അധ്യാപകന്‍ ഒളിവില്‍

കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ബാലുശ്ശേരിയിലെ സ്‌കൂള്‍ അധ്യാപകന്‍ ആറ്റിങ്ങല്‍ സ്വദേശി സിയാദാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.[www.malabarflash.com] 

കേസില്‍ പ്രതിയായ സഹ അധ്യാപകന്‍ ബാലുശ്ശേരി സ്വദേശി പ്രബീഷിനായി തിരച്ചില്‍ തുടരുകയാണെന്ന് ബാലുശ്ശേരി പോലിസ് അറിയിച്ചു. 

സ്‌കൂളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് പഠനയാത്രയ്ക്ക് പോയപ്പോള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പ്രബീഷും സംഭവത്തില്‍ കൂട്ടാളിയാണെന്ന് പോലിസ് പറയുന്നു. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയെങ്കിലും ഇതു പോലിസിന് കൈമാറാതെ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

നടപടി വൈകിയതോടെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ സ്‌കുളിലെത്തി അധ്യാപകരുമായി വാഗ്വാദമുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലിസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ബാലുശ്ശേരി എസ്‌ഐ പ്രജീഷ്, അഡീഷണല്‍ എസ്‌ഐ മധു എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post