രണ്ടാഴ്ചക്കകം പുതിയ സംഘം രൂപീകരിക്കണമെന്നും ഡി.ജി.പിയോട് കോടതി നിർദേശിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവിന്‍റെ ഹരജിയിലാണ് ഉത്തരവ്.
പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തയാറാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതി പത്മരാജൻ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. അന്വേഷണസംഘം പ്രതിക്ക് അനുകൂലമായി ഒത്തുകളിക്കുകയാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.
ബി.ജെ.പി തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ല നേതാവും കൂടിയാണ് പ്രതി പത്മരാജൻ. ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ പലതവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് കഴിഞ്ഞ ഏപ്രിൽ 24ന് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു.
പ്രതി അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകൾ ചുമത്താതിരുന്നതെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.
0 Comments