Top News

താജുല്‍ ഫുഖഹാഅ് അനുസ്മരണം സംഘടിപ്പിച്ചു; ബേക്കല്‍ ഉസ്താദ് സമകാലീന പണ്ഡിതന്മാര്‍ക്കിടയിലെ മഖ്ദൂം -മുഹമ്മദലി സഖാഫി

കാസര്‍കോട്: വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരെ സമകാലീന പണ്ഡിതര്‍ക്കിടയിലെ മഖ്ദൂം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബേക്കല്‍ ഉസ്താദ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കര്‍മശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും തിളങ്ങിനിന്ന ബേക്കല്‍ ഉസ്താദ് ഈവിഷയങ്ങളില്‍ പുറപ്പെടുവിച്ച മതവിധികള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തിലും കര്‍ണാടകയിലും പണ്ഡിതസഭയില്‍ ഒരുപോലെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുശാവറകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ബേക്കല്‍ ഉസ്താദിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയുണ്ടായിരുന്നു -സഖാഫി അനുസ്മരിച്ചു.

തനിക്ക് ലഭിച്ച വേദികളിലെല്ലാം കര്‍മശാസ്ത്ര മസ്അലകളെ സമ്പന്നമാക്കാന്‍ ശ്രമിച്ച പണ്ഡിതനായിരുന്നു ബേക്കല്‍ ഉസ്താദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെ പി ഹുസൈന്‍ സഅദി അഭിപ്രായപ്പെട്ടു. 

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. വിവിധ യൂനിറ്റുകളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍, യാസീന്‍, ഇഖ് ലാസ്, തഹ്‌ലീല്‍ എന്നിവ സമര്‍പ്പിച്ച് നടന്ന പ്രാര്‍ഥനക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, സഫ്‌വാന്‍ സഅദി പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post