NEWS UPDATE

6/recent/ticker-posts

സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചാല്‍ 5 വര്‍ഷം തടവ്, പോലിസ് ആക്റ്റില്‍ ഭേദഗതി വരുത്തും;ഓര്‍ഡിനന്‍സ് ഉടന്‍

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പോലിസ് ആക്ടില്‍ ഭേദഗതി വരുത്തും. സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ നേരിടാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം.[www.malabarflash.com]

ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പോലിസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. 

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്. 

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും പോലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോവിഡ് ബാധയ്ക്കുശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രസ്താവനകളും ഏറെ വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

Post a Comment

0 Comments