ദുബൈ: കഴിഞ്ഞ വർഷത്തെ കലാശപ്പോരാട്ടത്തിൽ മുംബൈയോടേറ്റ മുറിവിന് പകരം വീട്ടി ചെന്നൈ പുതുസീസൺ തുടങ്ങി. ഐ.പി.എല്ലിലെ ക്ലാസിക് പോരിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ അവസാന ഓവറിൽ വിജയതീരമണയുകയായിരുന്നു.[www.malabarflash.com]
തകർച്ചയോടെ തുടങ്ങിയ ചെന്നൈക്ക് വേണ്ടി നാലാം വിക്കറ്റിൽ ഫാഫ് ഡുപ്ലെസിസും അമ്പാട്ടി റായുഡുവും ഒത്തുചേർന്നതാണ് മത്സരത്തിൽ വഴിത്തിരിവായത്. അമ്പാട്ടി റായുഡു 48 പന്തിൽ 71ഉം ഡുപ്ലെസിസ് 55ഉം റൺസെടുത്തു.
നേരത്തേ മുംബൈയുടെ ഫിനിഷർമാരെയും വാലറ്റത്തെയും കൂറ്റനടികൾക്ക് അയക്കാതെ 162 റൺസിൽ തന്നെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.31 പന്തിൽ 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ്സ്കോറർ. ക്വിൻറൺ ഡികോക്ക് 20 പന്തിൽ 33 റൺസ് കുറിച്ചു. 12റൺസടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്.
18 റൺസെടുത്ത് നിൽക്കവേ വമ്പനടിക്കാരൻ കീറൺ പൊള്ളാർഡിനെ വിക്കറ്റിനുപിന്നിൽ ധോണിയുടെ കൈകളിലെത്തിച്ച് ലുംഗി എൻഗിഡി നിർണായക വിക്കറ്റ് സ്വന്തമാക്കി. ആദ്യഓവറിൽ പൊതിരെ തല്ലുവാങ്ങിയ എൻഗിഡി അവസാന ഓവറുകളിൽ ഫോമിലേക്കുയർന്നത് ചെന്നൈക്ക് ആശ്വാസമായി. പൊള്ളാർഡിന്ററതുൾപ്പെടെ മൂന്നുവിക്കറ്റുകളാണ് എൻഗിഡി സ്വന്തമാക്കിയത്.ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
0 Comments