Top News

സോഷ്യൽ മീഡിയയിലെങ്ങും കണ്ടുപോകരുത്: പീഡനക്കേസിലെ പ്രതിയോട് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് അന്വേഷണം പൂത്തിയാകുംവരെ സോഷ്യൽ മീഡിയയിൽ കണ്ടുപോകരുതെന്ന് ഹൈക്കോടതി.[www.malabarflash.com]

പോക്സോ കേസിലെ പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന് (23) ജാമ്യം അനുവദിച്ചാണ് സിംഗിൾബെഞ്ചിന്റെ അപൂർവ വിധി. പീഡനത്തിനിടെ പ്രതി പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന പെൺകുട്ടിയുടെ വാദം കണക്കിലെടുത്താണ് ഈ വ്യവസ്ഥ ജാമ്യത്തിൽ ഉൾപ്പെടുത്തിയത്. 

കേസന്വേഷണം തീരുംവരെ പ്രതി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകൾ ഉപയോഗിക്കരുത്. കേസിൽ അന്തിമറിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ടെങ്കിൽ വിചാരണ തീരുംവരെ ഈ വ്യവസ്ഥ ബാധകമാണെന്നും വിധിയിൽ പറയുന്നു. ഇതിനു പുറമേ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മുഹമ്മദ് ഷിഫാസുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ 2018ൽ അവളുടെ ജന്മദിനത്തിൽ സമ്മാനം വാഗ്ദാനം ചെയത് റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും ഇതിന്റെ ചിത്രങ്ങളെടുത്തെന്നുമാണ് കേസ്. ഈ ചിത്രങ്ങൾകാട്ടി പെൺകുട്ടിയെ ആറുതവണ കൂടി പ്രതി പീഡിപ്പിച്ചു. പിന്നീട് ഫേസ്ബുക്കിൽ വ്യാജഅക്കൗണ്ട് തുടങ്ങിയ ഷിഫാസ് പെൺകുട്ടിയുടെ ചില ചിത്രങ്ങൾ പോസ്റ്റുചെയ്തു. 

ഒരുലക്ഷംരൂപ നൽകാതെ ചിത്രങ്ങൾ നീക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞാറയ്ക്കൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ പറയുന്നു. പ്രതിയുടെ പ്രായം, കോവിഡ് സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്.

Post a Comment

Previous Post Next Post