Top News

കാഞ്ഞങ്ങാട്ട് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശമായ ഒഴിഞ്ഞ വളപ്പില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ഒഴിഞ്ഞവളപ്പില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.[www.malabarflash.com]

ഒഴിഞ്ഞവളപ്പില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ശുഹൈബ് സ്മാരക ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ ഒരുസംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ സി.പി.എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി ഒഴിഞ്ഞവളപ്പിലെ അഖില്‍(26), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ടി.കെ മുനീര്‍(32), ഒ.വി ബിജു(38) എന്നിവര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബിജുവിന്റെ ഇരുചക്രവാഹനം തീവെച്ച് നശിപ്പിച്ചു. ബിജുവിന്റെ ബന്ധുവും സി.പി.എം പ്രവര്‍ത്തകനുമായ കളത്തില്‍ അമ്പാടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റാണ് അഗ്‌നിക്കിരയാക്കിയത്. അമ്പാടിയുടെ വീട്ടുമുറ്റത്ത് കാറടക്കം മറ്റ് വാഹനങ്ങള്‍ക്കിടയിലാണ് ബുള്ളറ്റ് നിര്‍ത്തിയിട്ടിരുന്നത്. ഇവിടെ നിന്നും ബുള്ളറ്റ് തള്ളിമാറ്റി പറമ്പിലെത്തിച്ച ശേഷം തീവെക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ ബുള്ളറ്റ് കത്തിയെരിയുന്നതാണ് കണ്ടത്.

സംഘര്‍ഷം നിലനില്‍ക്കുന്ന ഒഴിഞ്ഞവളപ്പില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post