NEWS UPDATE

6/recent/ticker-posts

റഷ്യയുടെ കോവിഡ് വാക്‌സിന്‍: കര്‍ശന സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന

ജനീവ: റഷ്യ പുതുതായി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യസംഘടന.[www.malabarflash.com] 

യോഗ്യതാ വ്യവസ്ഥകള്‍ സംബന്ധിച്ച് റഷ്യന്‍ ആരോഗ്യ അധികൃതരുമായി ലോകാരോഗ്യസംഘടന നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് സംഘടന വക്താവ് താരിക് ജസാരെവിച്ച് വ്യക്തമാക്കി. 

എല്ലാ വാക്‌സിനുകളുടെയും ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം അനിവാര്യമാണ്. കൂടാതെ, വാക്‌സിന്‍ വികസനം, പരീക്ഷണം, വ്യാവസായിക ഉത്പാദനം എന്നിങ്ങനെ കാര്യങ്ങളില്‍ ലോകാരോഗ്യസംഘടനയുടെ യോഗ്യതാ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഓരോ രാജ്യത്തിനും അവര്‍ക്ക് ദേശീയ നിയന്ത്രണ ഏജന്‍സികളുണ്ട്. അവരുടെ പ്രദേശത്ത് വാക്‌സിനുകളോ മരുന്നുകളോ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം അവര്‍ നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടന വാക്‌സിനുകളും മരുന്നുകളും പ്രയോഗിക്കുന്നതിന് മുമ്പ് യോഗ്യതാപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ലോകാരോഗ്യസംഘടനയുടെ പ്രാ ക്വാളിഫിക്കേഷന്‍ എന്നത് മരുന്നുകളുടെ ഒരുതരം ഗുണനിലവാര സ്റ്റാമ്പിങ്ങാണ്. ഇത് ലഭിക്കണമെങ്കില്‍ സുരക്ഷാ, ഫലപ്രാപ്തി പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടിവരും. എല്ലാ വാക്‌സിന്റെ കാര്യത്തിലും ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് അംഗീകാരം നല്‍കുകയെന്നും വക്താവ് ചൂണ്ടിക്കാട്ടി. 

കോവിഡിനെ നേരിടാന്‍ നിരവധി വാക്‌സിനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് പ്രോല്‍സാഹനാര്‍ഹമാണ്. ഈ വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വാക്‌സിന്‍ നിര്‍മാണത്തിലെ പുരോഗതി ത്വരിതപ്പെടുത്തുകയെന്നതിന് അര്‍ഥം സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുകയെന്നല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Post a Comment

0 Comments