Top News

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു; ഐ.പി.എല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍

ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 13-ാം സീസൺ യു.എ.ഇയിൽ നടത്താൻ ബി.സി.സി.ഐക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ഇതു പ്രകാരം സെപ്റ്റംബർ 19-ന് ടൂർണമെന്റ് ആരംഭിക്കും. നവംബർ 10-നാണ് ഫൈനൽ. ഞായറാഴ്ച ചേർന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിനു ശേഷമാണ് വിശദാംശങ്ങൾ ലഭ്യമായത്.[www.malabarflash.com]

ഓഗസ്റ്റ് 26-ന് ശേഷം ഫ്രാഞ്ചൈസികൾക്ക് ആഭ്യന്തര-വിദേശ താരങ്ങളുമായി ചാർട്ടേർഡ് വിമാനത്തിൽ യു.എ.ഇയിലേക്ക് പറക്കാം. ടൂർണമെന്റിന്റെ പ്രാരംഭ ഘട്ടത്തിൽ യു.എ.ഇയിലെ വേദികളിൽ കാണികളെ പ്രവേശിപ്പിക്കില്ല. എന്നാൽ പിന്നീട് യു.എ.ഇ സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി പരിമിതമായ കാണികളെ അനുവദിക്കാം.

ഫ്രാഞ്ചൈസികൾക്ക് 24 കളിക്കാരടങ്ങുന്ന സ്ക്വാഡിനെ അനുവദിക്കും. ടൂർണമെന്റിനിടെ ഏതെങ്കിലും കളിക്കാരന് അസുഖം വന്നാൽ പകരം താരത്തെ കൊണ്ടുവരാൻ ഫ്രാഞ്ചൈസികളെ അനുവദിക്കും.

നേരത്തെ ഏപ്രിലിൽ പ്രഖ്യാപിച്ച 57 ദിവസത്തെ ഷെഡ്യൂളിന് വിരുദ്ധമായി 53 ദിവസത്തെ ടൂർണമെന്റിനാണ് ഇത്തവണ അനുമതി ലഭിച്ചിരിക്കുന്നത്. യു.എ.ഇയിൽ ഐ.പി.എൽ നടത്തുന്നതുമായി ബന്ധപ്പെട്ട കത്ത് ബി.സി.സി.ഐ യു.എ.ഇ സർക്കാരിന് അയച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാർജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാകും മത്സരങ്ങൾ. ഇവിടങ്ങളിൽ പരിമിതമായ കാണികളെ പ്രവേശിപ്പിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകുമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ.

Post a Comment

Previous Post Next Post