NEWS UPDATE

6/recent/ticker-posts

പത്ത് വയസ്സുകാരൻ്റെ ഓൺലൈൻ ക്ലാസ് വീഡിയോ വൈറലാവുന്നു

കാസറകോട്: കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളെ വെല്ലുന്ന രീതിയിൽ പത്ത് വയസ്സുകാരൻ്റെ ഓൺലൈൻ ക്ലാസ് വീഡിയോ വൈറലാവുന്നു. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുബശിർ ശഫാഫ് ആണ് വീഡിയോയിലൂടെ താരമായ കൊച്ചു മിടുക്കൻ.[www.malabarflash.com]

വീഡിയോ പുറത്തു വന്നു മണിക്കൂറുകൾക്കകം നൂറു കണക്കിനാളുകളാണ് അത് കണ്ട് കുട്ടിയെ അഭിനന്ദനമറിയിച്ചത്.
ഒന്നാം ക്ലാസ് കുട്ടികൾക്കായുള്ള മലയാളം ക്ലാസ് ആണ് മുബശിർ ശഫാഫ്  കൈകാര്യം ചെയ്തത്. മലയാളത്തിലെ അക്ഷരങ്ങളും അതുമായി ബന്ധപ്പെട്ട വാക്കുകളും സാങ്കേതിക സഹായത്തോടെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. 

അ മുതൽ ഊ വരെയുള്ള ആറ് അക്ഷരങ്ങളാണ് ക്ലാസിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്. തൊട്ടു മുമ്പിൽ കുട്ടികൾ ഇരിക്കുന്നത് പോലെ കണ്ട് കൊണ്ട് അവരോട് ചോദ്യങ്ങൾ ചോദിച്ചും അവർക്ക് അഭിനന്ദനങ്ങൾ നൽകിയും അവരുമായി കളിയിലേർപ്പെട്ടും ഇരുപത് മിനുട്ട് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
ഇതേ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ പി.ഐ.എ.ലത്തീഫിൻ്റെയും സറീനയുടെയും മകനാണ് ശഫാഫ്. തൻ്റെ കുട്ടികൾക്കായി പിതാവ് വീട്ടിൽ വെച്ച് ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നത് കണ്ട് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ മിടുക്കൻ ഓൺലൈൻ ക്ലാസുമായി രംഗത്ത് വന്നത്.

പ്ലസ് ടു വിദ്യാർത്ഥിയും ബ്ലോഗറുമായ സഹോദരൻ മുഹ്സിൻ ശരീഫ് മനോഹരമായി എഡിറ്റ് ചെയ്ത് ഒരുക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അത് ഒരു ദൃശ്യവിരുന്നായി മാറുകയായിരുന്നു.

സഹോദരങ്ങളായ മുനവ്വർ ശബീബും ഫാത്തിമ ശസ്മിനും മികച്ച പിന്തുണയും നൽകി. ഇനിയും കൂടുതൽ ക്ലാസുകൾ കൈകാര്യം ചെയ്യണമെന്ന ആഗ്രഹത്തിലാണ് ശഫാഫ് മുന്നോട്ട് പോവുന്നത്.

Post a Comment

0 Comments