Top News

വിസാ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ മന്ത്രിസഭ; പ്രവാസികള്‍ക്ക് രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും

അബുദാബി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസാ നിയമങ്ങള്‍ കൊണ്ടുവന്ന് യുഎഇ മന്ത്രിസഭ. വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരമായി.[www.malabarflash.com]

ജൂലൈ 11 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫീസ് ജൂലൈ 12 മുതല്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചുതുടങ്ങും.

രാജ്യത്തുള്ള സ്വദേശികള്‍, ജിസിസി പൗരന്മാര്‍, പ്രവാസികള്‍ എന്നിവര്‍ക്ക് തങ്ങളുടെ രേഖകള്‍ പുതുക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും. അതേസമയം ആറ് മാസത്തില്‍ താഴെ മാത്രം വിദേശത്ത് തങ്ങിയിട്ടുള്ള ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള യുഎഇ പൗരന്മാര്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യത്ത് എത്തുന്ന ദിവസം മുതല്‍ ഒരു മാസം അവരുടെ രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും.

2020 മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച ഇപ്പോള്‍ യുഎഇക്ക് പുറത്തുള്ളവര്‍ക്കും അല്ലെങ്കില്‍ ആറ് മാസത്തിലധികമായി യുഎഇയിക്ക് പുറത്തു നില്‍ക്കുന്നവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാന്‍ പ്രത്യേക സമയപരിധി അനുവദിക്കും.

വിവിധ രാജ്യങ്ങളുമായുള്ള വ്യോമഗതാഗതം ആരംഭിക്കുന്നത് അനുസരിച്ച് ഇതിനുള്ള തീയതി നിശ്ചയിക്കാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇളവ് അനുവദിച്ച കാലയളവിലേക്ക് പിഴ ഈടാക്കില്ല. എല്ലാ സേവനങ്ങള്‍ക്കും ജൂലൈ 12 മുതല്‍ ഫീസുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post