NEWS UPDATE

6/recent/ticker-posts

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ബെംഗളുരു: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണകള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ബെംഗളുരുവിലെ എൻഐഎ യൂണിറ്റാണ് സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റ‍ഡിയിലെടുത്തത്.[www.malabarflash.com] 

ഒളിവിൽപ്പോയി ആറു ദിവസത്തിനു ശേഷമാണ് ഇവർ കസ്റ്റഡിയിലായത്. ഇവരെ അറസ്റ്റു ചെയ്ത വിവരം എൻഐഎ സംഘം തിരുവനന്തപുരത്തെ കസ്റ്റംസ് ഡിവിഷനൽ ഓഫിസിലെ അന്വേഷണ സംഘത്തെ അറിയിച്ചു.

ബെംഗളുരുവിലെ ഒരു ഹോട്ടലിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ കസ്റ്റഡിയിലായതെന്നാണ് വിവരം. സ്വപ്നയ്ക്കൊപ്പം ഭർത്താവും മക്കളുമുണ്ടായിരുന്നു. സ്വപ്നയെയും സന്ദീപിനെയും ഞായറാഴ്ച കൊച്ചിയിലെ എൻഐഎ ഓഫിസിൽ എത്തിക്കുമെന്നാണ് സൂചന. മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ എൻഐഎ പിടിയിലായതെന്നാണ് വിവരം.

യുഎഇ കോൺസുലേറ്റ് വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പിആർഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. ഇയാളും എൻഐഎ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ പ്രതിചേർക്കാൻ കസ്റ്റംസ് ഒരുങ്ങുന്നതെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ അറിയിച്ചത്. എന്നാൽ സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് തുടങ്ങിയവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്നായിരുന്നു എൻഐഎ ഹൈക്കോടതിയിൽ അറിയിച്ചത്. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും എൻഐഎ അറിയിച്ചതോടെയാണ് സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയത്.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റിൽ ശനിയാഴ്ച റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം സന്ദർശക റജിസ്റ്ററും വാടക രസീതും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം മൂന്നാം പ്രതിയായ ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചതായാണ് സൂചന. അതിനാൽ തന്നെ യുഎപിഎ വകുപ്പ് കൂടി ചുമത്തിയാണ് എൻഐഎ അന്വേഷണം.

Post a Comment

0 Comments