NEWS UPDATE

6/recent/ticker-posts

രാത്രിയായാൽ ആരോരുമറിയാതെ അണുനശീകരണം നടത്തി പാലക്കുന്ന് ബ്രദേർസ് ക്ലബ് മാതൃകയാകുന്നു

ഉദുമ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിയന്ത്രണങ്ങളെത്തുടർന്ന് ആറ് മണികഴിഞ്ഞാൽ ആളും ആരവവുമില്ലാതെ നാടും നാട്ടുവീഥികളും മയങ്ങുന്നതോടെ ഒരുകൂട്ടം യുവാക്കളും അവരുടെ വാഹനവും നിരത്തിലിറങ്ങും.[www.malabarflash.com]

പാലക്കുന്നും പരിസരവും അണുവിമുക്തമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി പാലക്കുന്ന് ബ്രദേഴ്‌സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രവർത്തകർ നിരത്തിലിറങ്ങുത് പക്ഷേ ആരും അറിയാറുമില്ല. സേവനം ചെയ്യുന്നത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. 

 ദിവസവും രാത്രി 7 മുതൽ ഏറെ വൈകും വരെ നീളുന്ന ഇവരുടെ മരുന്ന് തളിക്കലിന് തിമിർത്തുപെയ്യുന്ന മഴപോലും തടസ്സമാകാറില്ല. ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ ഒരാഴ്ച്ച മുൻപ് ഉദ്‌ഘാടനം ചെയ്ത അണു നശീകരണ പരിപാടി എല്ലാ രാത്രിയിലും തുടരുകയാണിവർ.
ഇനിയും ഏറെ നാൾ ഇത് തുടരുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. 40 ലിറ്റർ മരുന്ന് ഉദുമ പഞ്ചായത്ത് നൽകിയിട്ടുണ്ടെങ്കിലും തുടർന്നുള്ള ചെലവുകൾ ക്ലബ്ബ് തന്നെയാണ് വഹിക്കുന്നത്. 

അവധിയിൽ വന്ന ബംഗളൂർ എയർപോർട്ട് ജീവനക്കാരനും ക്ലബ്ബ് അംഗവുമായ സജിത്ത് തന്റെ വാഹനം ഇതിനായി വിട്ടു നൽകിയത് പ്രവർത്തകർക്ക് പ്രവർത്തനം എളുപ്പമാക്കി .
പ്രസിഡന്റ്‌ റിച്ചു രാമകൃഷ്ണൻ, സെക്രട്ടറി രഞ്ജിത്ത് പാലക്കുന്ന്, രോഹിത്, പി.കെ.സജിത്ത്, വൈശാഖ്, രതീഷ് എന്നിവരാണ് പാലക്കുന്ന് അണുവിമുക്തമാക്കാൻ പൂർണ പ്രതിരോധ സന്നാഹത്തോടെ രാത്രിയായാൽ ടൗണിൽ ഇറങ്ങുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എ.മുഹമ്മദലി പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് പ്രവർത്തകരെ അനുമോദിച്ചു

Post a Comment

0 Comments