Top News

പുറത്തുപോയി വരുന്നവര്‍ വീടിനുള്ളിലും മാസ്ക് ധരിക്കണം; അകലം പാലിക്കണം

തിരുവനന്തപുരം: പുറത്തുപോയി വരുന്നവര്‍ വീടിനുള്ളിലും മാസ്ക് ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്പരം അകലം പാലിക്കാനും ശ്രദ്ധിക്കണം.[www.malabarflash.com] 

രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണിപ്പോള്‍. സംസ്ഥാനത്തു മരണനിരക്ക് കുറയ്ക്കാനായതു വലിയ നേട്ടമാണ്. ജാഗ്രത കൈവിടരുത്. സമ്പര്‍ക്കവ്യാപനം 60 ശതമാനത്തിലേറെയാണ്. ശനിയാഴ്ച 364 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകർന്നു.

കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വർധിച്ചാൽ രോഗലക്ഷണമില്ലാത്തവരെ വീട്ടിൽ തന്നെ ചികിത്സിക്കാനുള്ള നടപടികൾ ആലോചിക്കും. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത മറ്റു രോഗികളെയും ഇത്തരത്തിൽ ചികിത്സിക്കും.

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്.

അപകടസാധ്യതാ വിഭാഗത്തില്‍പ്പെടാത്തവരും രോഗലക്ഷണം ഇല്ലാത്തവരുമായവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാമെന്ന് മറ്റു ചില രാജ്യങ്ങളിലെയും അനുഭവം കാണിക്കുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post