NEWS UPDATE

6/recent/ticker-posts

എന്‍ആര്‍സി നടപ്പാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല: ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ഇപ്പോള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഇന്ത്യാ ടുഡേ'യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.[www.malabarflash.com]

വൈറസ് വ്യാപനത്തിനു മുമ്പുള്ള മാസങ്ങളില്‍ എന്‍ആര്‍സി നീക്കം രാജ്യത്ത് വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. എന്‍ആര്‍സി ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അത് കൊണ്ടുവരുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അമിത് ഷാ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വത്തെ ബാധിക്കില്ല. സിഎഎയില്‍ പൗരത്വം സ്വീകരിക്കുന്നതിന് വ്യവസ്ഥയില്ലെന്നു താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് കുറ്റകരമാക്കല്‍, സിഎഎ എന്നിവ ഇതില്‍പെട്ടതാണ്. 

ഈ പ്രശ്‌നങ്ങള്‍ വളരെക്കാലമായി തുടരുന്നതാണ്. സ്വാതന്ത്ര്യലബ്ധി മുതലേ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് പലതും. പൗരത്വ നിയമവും ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കലും അതില്‍പെട്ടതാണ്. 

രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസാണ് രാമ ജന്‍മഭൂമി കേസ്. കഴിഞ്ഞ 60 വര്‍ഷമായി നിലനില്‍ക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ഐക്യവും സമഗ്രതയും സാമൂഹിക നീതിയും ജനവികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Post a Comment

0 Comments