Top News

മുട്ടയിട്ട് അടയിരിക്കുന്ന രാജവെമ്പാലക്ക് സംരക്ഷണമൊരുക്കി വനംവകുപ്പും, നാട്ടുകാരും

കാഞ്ഞങ്ങാട്: മുട്ടയിട്ട് അടയിരിക്കുന്ന 1 രാജവെമ്പാലയെ സംരക്ഷിക്കാനുറച്ച് വനപാലകരും വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റാണിപുരത്തിനടുത്ത് കുണ്ടുപ്പള്ളിയിലെ മുല്ലച്ചേരി ദാമോധരൻ നായരുടെ വീടിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ രണ്ട് രാജവെമ്പാലകളെ പ്രദേശവാസികൾ കണ്ടത്.[www.malabarflash.com]

വിവരം അറിഞ്ഞെത്തിയ ആളുകളെ കണ്ടപ്പോൾ അതിലൊന്ന് ഓടിപ്പോവുകയും മറ്റേത് അവിടെ കണ്ട ഒരു കശുമാവിൽ കയറി ഇരിക്കുകയുമായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിനെ പിടികൂടുന്നതിനായി പുറപ്പെട്ടെങ്കിലും അവർ എത്തുന്നതിന് മുമ്പ് അത് കാട്ടിലേക്ക് പോയതിനാൽ അവർ തിരിച്ചു പോകുകയായിരുന്നു. 

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാജവെമ്പാലയെ ഒരേ സ്ഥലത്ത് തന്നെ കണ്ടതിനാലാണ് നാട്ടുകാർ വീണ്ടും വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പനത്തടി സെക്ഷൻ ഫോറസ്റ്റർ ടി. പ്രഭാകരൻ, പാണത്തൂർ ചെക്ക് പോസ്റ്റ് ഫോറസ്റ്റർ കെ.എ ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ് പുഷ്പവതി, വിജേഷ്, വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ്.മധുസൂദനൻ, നിർവ്വാഹക സമിതിയംഗം എം.കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പുപിടുത്ത വിദഗ്ദൻ രാജേഷ് പനയാലുമായി സ്ഥലത്തെത്തി.

തുടർന്ന് നടത്തിയ അന്യേഷണത്തിലാണ് ഇലകൾ കൊണ്ട് കൂടുണ്ടാക്കി അതിൽ മുട്ടകൾക്ക് അടയിരിക്കുന്ന നിലയിൽ രാജവെമ്പാലയെ കണ്ടത്.20 മുട്ടകളാണ് കൂട്ടിൽ ഉണ്ടായിരുന്നത്. ഈയൊരു അവസ്ഥയിൽ രാജവെമ്പാലയെ പിടികൂടിയാൽ ഇതിൻ്റെ മുട്ടകൾ നശിക്കും എന്നതിനാൽവനം വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് മുട്ട വിരിയുന്നത് വരെ രാജവെമ്പാലയെ പിടികൂടണ്ട എന്ന തീരുമാനത്തിൽ ഉദ്യോഗസ്ഥരും, നാട്ടുകാരും എത്തിച്ചേരുകയാണുണ്ടായത്.

തുടർന്നുള്ള ദിവസങ്ങളിൽ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, വന സംരക്ഷണ സമിതിയുടേയും, നാട്ടുകാരുടേയും നേതൃത്വത്തിൽ നിരീക്ഷണം നടത്താനും തീരുമാനിച്ചു. ഇതിനെ കൂടാതെ ഇതിന് കാവലായി സ്ഥലത്ത് മറ്റൊരു രാജവെമ്പാലയും ഉള്ളതായി സംശയിക്കുന്നതിനാൽ പ്രസ്തുത സ്ഥലത്തേക്ക് പൊതുജനങ്ങൾ പോകരുത് എന്നും വനം വകുപ്പുദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post