Top News

ദേശീയപാത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നവീകരണ പദ്ധതിക്ക് അംഗീകരം

തിരുവനന്തപുരം: കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമായ ദേശീയപാത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നവീകരണ പദ്ധതിക്ക് അംഗീകരം ലഭിച്ചതായും കേരളത്തിന്റെ ആവശ്യം പരിഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് നന്ദിപറയുന്നൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]

ഭാരത് മാലപദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്ററില്‍ 45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലാണ് റോഡ് നിര്‍മിക്കുക. ടെന്‍ഡര്‍ നടപടിയടക്കമുള്ള കാര്യങ്ങള്‍ക്ക് ഉടന്‍ തുടക്കമിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

1968 കോടി രൂപ 84 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നന്നത്. രണ്ടര വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 35.66 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിനായി 683 കോടി 80 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തലപ്പാടി മുതല്‍ കഴക്കൂട്ടം വരെയുള്ള 521.81 കിലോമീറ്ററിലുള്ള ദേശീയ പാത വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതില്‍ ഇപ്പോള്‍ അംഗീകാരം ലഭിച്ചത് അടക്കം എട്ട് പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

18 കിലോമീറ്ററുള്ള തലശ്ശേരി-മാഹി ബൈപ്പാസ്, 28.6 കിലോമീറ്റളുള്ള കോഴിക്കോട് ബൈപ്പാസ് എന്നിവയുടെ പണികളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നിരവധി തൊഴില്‍ അവസരം കൂടി ഈ പദ്ധതി ആരംഭിക്കുന്നതിലൂടെ ലഭിക്കും.

കേരളത്തിന്റെ അടിസ്ഥാന വികസനത്തിനും വ്യാവസായികമായ പുരോഗതിക്കും മുതല്‍ക്കൂട്ടാവും. തുടര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post