NEWS UPDATE

6/recent/ticker-posts

ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷപ്പൊലിമകളില്ലാതെ വരവേറ്റ് വിശ്വാസികള്‍

കോഴിക്കോട്: ഒരുമാസത്തെ റംസാൻ  വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ പൊലിമ കോവിഡ് കുറച്ചെങ്കിലും പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കവും വിശ്വാസികള്‍ പൂര്‍ത്തിയാക്കി.[www.malabarflash.com]

റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച നോമ്പ് തുറന്നതോടെ മാസങ്ങളായി അടഞ്ഞു കിടന്ന പള്ളി മിനാരങ്ങളില്‍ നിന്നും ഈദുല്‍ ഫിത്വറിന്റെ വിളംബരം അറിയിച്ചു കൊണ്ട് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ഇത് കേട്ട് വിശ്വാസികളുടെ കണ്ണുകള്‍ നിറഞ്ഞു. വിശുദ്ധിയുടെ പുണ്യദിനങ്ങള്‍ ആരാധനകളാല്‍ ധന്യമാവേണ്ട മസ്ജിദുകളെല്ലാം പെരുന്നാള്‍ ദിനവും അടഞ്ഞു കിടക്കുന്നതിന്റെ വേദനയില്‍ അവര്‍ തക്ബീര്‍ ഏററുചൊല്ലി.

നാടിനെ മഹാമാരിയില്‍ നിന്നും കാത്തുരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പളളികളെല്ലാം അടങ്ങു കിടക്കുന്നെതെന്ന നന്‍മയോര്‍ത്ത് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേററു.

കോവിഡിനെ തുടര്‍ന്ന് പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും.

ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു.

വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകള്‍ വളരെ കുറവാണ്. വിപണിയെയും കോവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാള്‍ ഒരുക്കങ്ങള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങള്‍ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.

Post a Comment

0 Comments