Top News

കോവിഡിനെ പ്രതിരോധിക്കാന്‍ ജാഗ്രത തുടരണം, തെരുവിലിറങ്ങി രോഗവ്യാപനമുണ്ടാക്കരുത്- കാന്തപുരം

കോഴിക്കോട്: കൊവിഡ് 19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രത തുടരണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. [www.malabarflash.com]

ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ലഭിക്കുന്ന ഇളവുകള്‍ മുതലെടുത്ത് പുറത്തിറങ്ങി രോഗം ക്ഷണിച്ചുവരുത്തരുത്. എല്ലാവരും സ്വയം നിയന്ത്രണം പാലിച്ചാലേ രോഗത്തെ തുടച്ചുമാറ്റാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെറിയ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴേക്കും തെരുവുകളിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നാം പെരുമാറുന്ന ഓരോ ഇടങ്ങളിലും വൈറസിന്റെ സാന്നിധ്യമുണ്ടാകാമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാല്‍ രോഗം പതിന്മടങ്ങ് ശക്തിയില്‍ തിരിച്ചു വരും. 

സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമുള്ളപ്പോള്‍ പെരുന്നാള്‍ ആഘോഷത്തിന്റെ പേരില്‍ തുണിത്തരങ്ങള്‍ക്കും മറ്റുമായി നഗരങ്ങളിലേക്ക് പോകുന്നത് യഥാര്‍ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല.

മഹാവ്യാധിയെത്തുടര്‍ന്ന് ജനങ്ങളില്‍ വലിയൊരു വിഭാഗം അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലുമായി കഴിയുമ്പോള്‍ ഒരാഘോഷവും മനുഷ്യത്വപരമാവില്ലെന്ന് കാന്തപുരം പറഞ്ഞു 

Post a Comment

Previous Post Next Post