NEWS UPDATE

6/recent/ticker-posts

രാജ്യത്ത് രോഗബാധിതർ 35000 കടന്നു; നന്ദേദിലെ ഗുരുദ്വാര പൂട്ടി

അമൃത്‌സർ: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35365 ആയി ഉയർന്നു. 9064 പേർ രോഗമുക്തരായി. നിലവിൽ 25148 പേരാണ് ചികിത്സയിലുള്ളത്.1152 പേർ മരിച്ചു.[www.malabarflash.com]

രാജ്യത്ത് 24 മണിക്കൂറിനിടെ 2000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഗുജറാത്താണ് രണ്ടാമത്. അതേ സമയം കേരളത്തിൽ വെള്ളിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.

മഹാരാഷ്ട്രയിൽ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂർ സാഹിബിൽ നിന്നുള്ള 91 തീർഥാടകർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചാബ് മുൾമുനയിൽ. 173 സിഖ് തീർഥാടകർക്ക് കോവിഡ് 19 നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂർ സാഹിബിൽ നിന്നുള്ള തീർഥാടകർ ഏപ്രിൽ 22 മുതൽ പഞ്ചാബിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. എന്നാൽ അഞ്ചു ദിവസത്തിന് ശേഷമാണ് ക്വാറന്റീനിലാക്കാൻ ഉത്തരവു വന്നത്. തീർഥാടകര്‍ പഞ്ചാബിലെത്തിയപ്പോൾ പരിശോധന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കിയല്ലെന്ന് ആരോപിച്ച് അകാലിദൾ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു.

തീർഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെ കുറ്റപ്പെടുത്തി ബൽബീർ സിങ്ങും രംഗത്തെത്തി. അവർക്ക് സഹായം ഏർപ്പെടുത്തിയില്ലെന്നും, പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന സിങ്ങിന്റെ ആരോപണത്തെ ഗുരുദ്വാര നിഷേധിച്ചു.

‘ഇത്രയും ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. മുന്നൂറോളം തീർഥാടകർക്കും പരിശോധന നടത്തും. വിഷമിക്കേണ്ടതില്ല. വീട്ടിൽ തന്നെ തുടരണമെന്ന് അഭ്യർഥിക്കുകയാണ്. കോവിഡിനെതിരെ പോരാടേണ്ടതുണ്ട്. നമ്മൾ ഈ യുദ്ധത്തിൽ വിജയിക്കും’– പഞ്ചാബ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ മന്ത്രി ഓം പ്രകാശ് സോണി പറഞ്ഞു.

നാലായിരത്തോളം തീർഥാടകർ പഞ്ചാബിൽ നിന്ന് നന്ദേദ് ഗുരുദ്വാരയിലേക്ക് തീർഥാടനത്തിനു പോയിരുന്നു. മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തീർഥാടകർ കുടുങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്ന് 3,500 പേർ പഞ്ചാബിലേക്ക് മടങ്ങി എത്തി.

പഞ്ചാബിൽ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ വന്നത് ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ നിന്നും, നന്ദേദിൽ നിന്നു മടങ്ങിയ സിഖ് തീർഥാടകരിൽ നിന്നുമാണെന്ന ആരോപണത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിഷേധിച്ചു. പഞ്ചാബിൽ ഇത് വരെ 357 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

Post a Comment

0 Comments