NEWS UPDATE

6/recent/ticker-posts

കാന്തപുരം ഇടപെട്ടു, ലോക്ഡൗണില്‍ പൂനയില്‍ നിന്നും പത്ത് വയസ്കാരനുള്ള ജീവന്‍ രക്ഷാ മരുന്നുമായി എസ് വൈ എസ് സാന്ത്വനം ആംബുലന്‍സ് കൊല്ലത്ത് പറന്നെത്തി

കൊല്ലം: പത്ത് വയസ്സുകാരന്‍റെ ജീവന് തുണയാകാന്‍ മരുന്ന് പുനെയില്‍ നിന്ന്. ചരക്ക് കടത്തുന്ന വാഹനത്തിന്‍റെ ഡ്രൈവര്‍മാരും സംസ്ഥാനത്തെ പോലീസ് വിഭാഗവുമടക്കം നിരവധി പേര്‍ കൈകോര്‍ത്തപ്പോള്‍ വേണ്ട സമയത്ത് മരുന്നെത്തിക്കാന്‍ സാധിച്ചതിന്‍റെ സംതൃപ്തിയില്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍.[www.malabarflash.com]

കൊല്ലം കരുനാഗപ്പള്ളി വവ്വാകാവിലെ നിസാമുദ്ദീന്‍റെ 10 വയസ്സുള്ള മകനാണ് 48 മണിക്കൂര്‍ കൊണ്ട് മരുന്നെത്തിച്ചത്.‌

ആറു മാസം പ്രായമായതു മുതൽ രക്താർബുദ രോഗിയാണ് ഈ പത്ത് വയസ്സുകാരന്‍. രക്ത ഉൽപാദനം തീരെ നടക്കാതെ പലപ്പോഴും കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആകുമായിരുന്നു. അപ്പോഴാണ് പൂനെയിലുള്ള പ്രഗത്ഭനായ ഓങ്കോളജിസ്റ്റ് ഡോക്ടറെ പറ്റി നിസാം അറിയുന്നത്. ഒന്നരവർഷമായി അദ്ദേഹത്തിൻറെ ചികിത്സ. ആരോഗ്യം നല്ലത് പോലെ മെച്ചപ്പെട്ടു. ആറുമാസത്തിലൊരിക്കലേ ഡോക്ടറെ കാണാൻ പോകേണ്ടൂ. പുനെയിലെ മരുന്ന് കടയില്‍ പണമടച്ചാല്‍ പാർസലിൽ മരുന്ന് അയച്ചുതരികയായിരുന്നു പതിവ്.

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് 3 ദിവസം മുമ്പ് നിസാം പൂനെയിലെ മരുന്ന് കടയില്‍ പണമടച്ചു. 35,000 രൂപ വിലവരുന്ന മരുന്ന് അവര്‍ കൊറിയർ വഴി അയക്കുകയും ചെയ്തു. പക്ഷേ രാജ്യം നിശ്ചലമായപ്പോള്‍ മരുന്ന് വഴിയില്‍ കുടുങ്ങി. കുട്ടിയുടെ നില വഷളാകാൻ തുടങ്ങിയപ്പോൾ പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയെങ്കിലും തുടർ നടപടികള്‍ വൈകി.

ഏപ്രിൽ 14ന് വിഷു ദിനത്തിൽ വൈകുന്നേരം 6 മണിക്ക് കുട്ടിയുടെ പിതാവ് നിസാം എസ് വൈ എസ് സ്റ്റേറ്റ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. മകൻ വളരെ പ്രയാസത്തിലാണ് പൂനയിൽ നിന്ന് മരുന്ന് എത്തിക്കാൻ സാധിക്കുമോ എന്നായിരുന്നു അന്വേഷണം. എസ് വൈ എസ് കൺട്രോൾ റൂമിലെ എമർജൻസി ടീം എസ് വൈ എസ് സെക്രട്ടറി എസ് ശറഫുദ്ദീൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് പുനെയിലെ കാര്യങ്ങള്‍ ഏകോപിപ്പിച്ചു.

ഇവിടെ നിന്ന് പണം അടച്ചു. മരുന്ന് വാങ്ങാന്‍ ആളെയും കണ്ടെത്തി. കേരളത്തിലേക്ക് എത്തിക്കാന്‍ എന്തു വഴിയെന്ന ആലോചന ഭക്ഷ്യവസ്തുക്കളുമായി വരുന്ന ലോറിയിലെത്തി നിന്നു. കാസർകോട്ടെ വ്യാപാരി അബ്ദുൽസലാം പൂനെയിലെ ലോറി ജീവനക്കാരുമായി ബന്ധപ്പെട്ടു. അവര്‍ തയ്യാര്‍. പൂനെയിലെ കണ്ടോൺമെൻറ് കടക്ബസാറിലെ ഫിറോസ് മരുന്നു വാങ്ങി ഡ്രൈവര്‍മാരെ ഏല്‍പ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പുറപ്പെട്ട ലോറി വെള്ളിയാഴ്ച  2:45ന് കർണാടക അതിർത്തിയിൽ എത്തി.

ഇതിനിടെ കുട്ടിയുടെ ആരോഗ്യനില മോശമായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് എത്രയും പെട്ടെന്ന് വേണമെന്ന പിതാവിന്‍റെ അപേക്ഷ. കാസര്‍കോട് അതിര്‍ത്തിയില്‍ മരുന്നെത്തിയാല്‍ ആംബുലന്‍സില്‍ കരുനാഗപ്പള്ളിയിലെത്തിക്കാന്‍ പദ്ധതിയിട്ടു. 

ലോക് ഡൌണ്‍ കാലത്ത് പോലീസിന്‍റെ സഹായമില്ലാതെ ഇത് സാധിക്കില്ലെന്ന് മനസ്സിലായതോടെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിയെയും ഡിജിപിയും വിളിച്ചു. രണ്ടു പേരും ഉടനെ ഇടപെട്ടു . മരുന്നുമായി വരുന്ന ആംബുലൻസിന് എല്ലാ സൗകര്യങ്ങളും ചെയ്യാൻ ഐജി വിജയ് സാക്കറെക്ക് ഡി ജി പിയുടെ നിർദ്ദേശം. പോലീസ് എല്ലാ ജില്ലകളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി. 

കർണാടക അതിർത്തിയിൽ എസ് വൈ എസ് ജില്ലാ നേതാക്കളായ ശാഫി സഅദി, ബായാർ സിദ്ദീഖ് സഖാഫി എന്നിവരോടൊപ്പം മരുന്ന് ഏറ്റുവാങ്ങാൻ എം സി ഖമറുദ്ദീൻ എം എൽ എ, റസാഖ് ചിപ്പാർ എന്നിവരും എത്തി. 

കരുനാഗപ്പള്ളി വവ്വാകാവിലെ വീട്ടിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ പി എ മുഹമ്മദ് കുഞ്ഞി സഖാഫി മരുന്ന് കൈമാറി. സി പി ഐ എം  ജില്ലാ സെക്രെട്ടറി പി.ആറ്.വസന്തൻ, ആർ.രാമചന്ദ്രൻ, എം എൽ എഅൻസാർ, ഉണ്ണി, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, ശിഹാബ് ക്ലാപ്പന, സഫീർ അഹ്സനി, എന്നിവർ സന്നിഹിതരായിരുന്നു. കുഞ്ഞ് ജീവന് തുണയേകാന്‍ ഒരു പാട് കൈകള്‍ യോജിച്ച അപുര്‍വ സന്ദര്‍ഭത്തിന്‍റെ സാക്ഷികളാവാൻ.  

കോവിഡ് -19 ആരംഭിച്ചത് മുതൽ എസ് വൈ എസ് സാന്ത്വനം ജീവൻരക്ഷാ മരുന്നുകളും മറ്റ് അത്യാവശ്യ സഹായങ്ങളുമായി സേവന രംഗത്തുണ്ട്. എറണാകുളത്താണ് സംസ്ഥാന കൺട്രോൾ റൂം, വിവിധ ജില്ലകളിൽ ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നു.

Post a Comment

0 Comments