NEWS UPDATE

6/recent/ticker-posts

കളക്ടര്‍ വിളിച്ചു, ക്വാറി ഉടമകളും കരാറുകാരും കൈകോര്‍ത്തു; ടാറ്റ ആശുപത്രിയുടെ നിര്‍മ്മാണത്തിന് 30 ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍

കാസര്‍കോട്: കൊവിഡ് രോഗികള്‍ക്കായി ടാറ്റയുടെ ആശുപത്രി നിര്‍മ്മാണത്തിനായി കൈകോര്‍ത്തത് കാസര്‍കോട് ജില്ലയിലെ ക്വാറി ഉടമകളും കരാറുകാരും.[www.malabarflash.com]

ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് 30 ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം നിരപ്പാക്കല്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജില്ലയുടെ ആരോഗ്യപുരോഗതിക്കുവേണ്ടി ഒറ്റക്കെട്ടായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ എക്യൂപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷനെയാണ് ജില്ലാ കളക്ടര്‍ ആദ്യം ചുമതലപ്പെടുത്തിയത്. സംഘടനയുടെ സംസ്ഥാന കമ്മറ്റി തങ്ങള്‍ ചെയ്തുതരാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കുകയായിരുന്നു. 

തെക്കില്‍ വില്ലേജിലെ അഞ്ചേക്കര്‍ സ്ഥലത്താണ് ടാറ്റയുടെ സഹായത്തോടെ ആശുപത്രി സ്ഥാപിക്കുന്നത്. ജില്ലയിലെ കരിങ്കല്‍ ക്വാറി ഉടമകളുടെയും കരാറുകാരുടെയും സിഇഒ അസോസിയേഷന്റെയും കൂട്ടായ്മയിലാണ് സ്ഥലം നിരപ്പാക്കുന്ന പ്രവര്‍ത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നത്.
വന്‍കിട കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന അഞ്ച് വലിയ എസ്‌കവേറ്ററും ഒരു ചെറിയ ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ദ്രുതഗതിയില്‍ നിരപ്പാക്കല്‍ ജോലികള്‍ നടത്തിവരുന്നത്. 50 മീറ്റര്‍ വരുന്ന ആദ്യത്തെ തട്ട് അഞ്ചു ദിവസം കൊണ്ട് പൂര്‍ത്തിയാക്കണം. 

കളക്ടര്‍ ആവശ്യപ്പെട്ട ദിവസങ്ങള്‍ക്ക് മുൻപ് തന്നെ നിലം പൂര്‍ണ്ണമായും നിരപ്പാക്കി കൊടുക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തികളാണ് ചട്ടഞ്ചാലില്‍ നടന്നുവരുന്നത്.
തട്ടുകള്‍ തിരിച്ചു നിരപ്പാക്കിയ സ്ഥലം കൈമാറിയ ഉടനെ ആശുപത്രി സ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ ടാറ്റ ഗ്രൂപ്പ് ആരംഭിക്കും. മാഹിനാബാദിലെ അഞ്ചേക്കര്‍ സ്ഥലത്ത് 540 ബെഡുകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് പണിയുന്നത്. ഒന്നരമാസത്തിനുള്ളില്‍ തന്നെ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments