NEWS UPDATE

6/recent/ticker-posts

‘മങ്ങലാരക്കാർക്ക്​ മമ്മൂട്ടിയിലൂടെ കാസ്​റോട്ടാറെ മറുപടി’: വൈറലായി വിഡിയോ

കാസറകോട്​: ആപത്തുകാലത്ത്​ വഴിയടച്ച്​ തങ്ങളെ ഒറ്റപ്പെടുത്തിയ മംഗലാപുരത്തുകാരോടുള്ള എല്ലാ രോഷവുമുണ്ട്​ ഈ ഡബ്ബിങ്​വിഡിയോയിൽ. അതിർത്തി അടച്ചതിനാൽ ചികിത്സ മുടങ്ങി ആളുകൾ മരിച്ചുവീഴുന്നതിനോടുള്ള ശക്​തമായ പ്രതിഷേധമാണ്​ സ്​ക്രീനിൽ നിറയുന്നത്​. സ്വന്തമായി മികച്ച ആശുപത്രികൾ കെട്ടിപ്പടുത്ത്​ ഇതിന്​ ​പ്രതികാരം ചെയ്യുമെന്നും അവർ ഉറപ്പിച്ചുപറയുന്നു.[www.malabarflash.com]

കൊറോണ വൈറസ്​ ബാധയെ തുടർന്ന്​ കേരളത്തിനിന്നുള്ള മുഴുവൻ റോഡുകളും മണ്ണിട്ട്​ അടച്ച കർണാടകക്കെതിരെ മെഗാസ്​റ്റാർ മമ്മൂ​ട്ടിയെ കൂട്ടുപിടിച്ച്​ പ്രതികരിക്കുകയാണ്​ കാസർകോ​ട്ടെ പ്രവാസി യുവാക്കൾ.

പുത്തൻപണം എന്ന ചിത്രത്തിൽ മമ്മൂട്ടിയും സായ്​കുമാറും തമ്മിലുള്ള യഥാർഥ സംഭാഷണം മാറ്റി ​കാസർകോട്ടുകാരും മംഗലാപുരത്തുകാരും തമ്മിലുള്ള സംഭാഷണമായി​ അവതരിപ്പിക്കുന്ന ഈ ഡബ്ബിങ്​ വിഡിയോ വൈറലായിക്കഴിഞ്ഞു.

‘‘ഇതാര്​ കാദർച്ചായോ? ബോർഡർല്​ മണ്ണിട്ട്​ ബന്ധാക്കീറ്റ്​​ നിങ്ങേങ്ങനെ വന്നിറ്റാപ്പം..’എന്ന്​ ചോദിച്ചാണ്​ വിഡിയോ തുടങ്ങുന്നത്​. പശ്ചാത്തലത്തിൽ കർണാടകയിലേക്കുള്ള പാതകൾ അടച്ച ടെലിവിഷൻ വാർത്തയും കേൾക്കാം. ‘ഞമ്മ ഈ മങ്ങലാരത്തേക്ക്​ വരാൻ ഇന്നും ഇന്നലെയും തൊടങ്ങിയതല്ലാലോ..നിങ്ങ എയ്​ലെ മണ്ണിട്ട്​ നിർത്തിയാലും ഞങ്ങ വ്​ട്​ത്തേക്ക്​ വരാണ്ട്​ക്കേല..അയ്​ന്​ള്ള ഓള വയ്യെല്ലം ഞങ്ങക്കറിയും...’ ഇതാണ്​ കാസ്രോട്ട്​കാരനായി ഡബ്ബിങ്​ വിഡിയോയിൽ വരുന്ന മമ്മൂട്ടി മംഗലാപുരത്തുകാര​നായ സായികുമാറിനോട്​ പറയുന്നത്​.

പിന്നീടങ്ങോട്ട്​ കാസർകോട്ടുകാർ അനുഭവിക്കുന്ന പ്രശ്​നങ്ങളാണ്​ മമ്മൂട്ടിയുടെ മാസ്​ ഡയലോഗുകളായി വന്നു നിറയുന്നത്​. ‘കാസ്രോടും മങ്ങലാരവും എങ്ങനെണ്ടായിനീന്ന്​ നിന്​ക്ക്​ ഓർമയില്ലാങ്കലി​ല്ലേ ഞാൻ ആദ്യംപൂദ്യലാ ചൊല്ലണോ നിന്നോട്​. ​മരുന്നിനും ഡ്രസ്സിനും മുതല്​ എല്ലാത്തിനും ഇങ്ങോട്ട്​ വന്ന കാസ്രോട്ടുകാരെയും പൈസാൽണ്ട്രാ ഇപ്പഴ്​ത്തെ മങ്ങലാരായത്​. എന്നിറ്റും നീയത്​ മറന്ന്​. ഇത്രയെല്ലം ബയ്യ്​ണ്ടായിറ്റ്​ ഒരാംബുലൻസിന്​ പോവാനുള്ള ബയ്യെങ്കിലും​ നിങ്ങ ബെച്ചോ ..എല്ലാറ്റിനും നിങ്ങ മണ്ണ്​ട്ട്​ മൂടീറ്റ്​..ബേണ്ട സമയത്ത്​ ചികിത്സ കിട്ടാണ്ട്​ നാലഞ്ചാൾക്കാര്​ മരിച്ചത്​..ആ മണ്ണ്​ ബാരീറ്റ്​ നിങ്ങ തന്നെ തിന്ന്​...’ 

മംഗലാപുരത്തിന്റെ വളർച്ചയിൽ ഏറെ സംഭാവന നൽകിയ കാസർകോടിനെ ഏറ്റവും അവശ്യമായ സന്ദർഭത്തിൽ തള്ളിപ്പറഞ്ഞ കർണാടകയോടുള്ള രോഷമാണ്​ കാസ്രോട്ടുകാർ തയാറാക്കിയ ഈ ഡബ്ബിങ്​ വിഡിയോയിൽ തെളിഞ്ഞുനിൽക്കുന്നത്​.

ഇതിനൊപ്പം, ഒരുപാടു കാലമായിട്ടും ഒരു സർക്കാർ മെഡിക്കൽ കോളജു പോലുമുയരാത്ത ദൈന്യതക്കെതിരെയും ശബ്​ദമുയരുന്നുണ്ട്​. ‘അഞ്ചാറ്​ കൊല്ലായിറ്റും ഞങ്ങളെ മെഡിക്കൽ കോളജ്​ തുറക്കാതിരിക്കാൻ വേണ്ടീറ്റ്​ മങ്ങലാരം ലോബി കളിച്ച നാറിയ കളി..അത്​ ഞങ്ങ​ ലായ്​ക്ക്​ ലായാനം തൊറന്നിറ്റായി...എനീം കെട്ട്​ന്ന്​ണ്ട്​ കാസ്രോട്ടാര്​...അഞ്ചാറ്​ മൾട്ടി ആസ്​പത്രി’...അപ്പോൾ ഞങ്ങളുടെ ഇവിടുത്തെ ആശുപത്രിയൊക്കെ എന്തുചെയ്യും എന്ന സായികുമാറി​ന്റെ ചോദ്യത്തിന്​ കാദർച്ചാ​ന്റെ മറുപടി ‘അയില്​ നിങ്ങ പയ്യിനെ പോറ്റിക്കോ..ഞങ്ങൾടെ മെഡിക്കൽ കോളജിലേക്ക്​ കൊറേ പാല്​ വേണ്ടിവരും. ചാണകം വേണേ നിങ്ങളെട്​ത്തോ’ എന്നാണ്​. ‘കാസ്രോട്ട്​കാര്​ക്ക്​ ആസ്​പത്രി കെട്ടാൻ ആവതില്ലാഞ്ഞിട്ടല്ല ഞങ്ങ മങ്ങലാരം വന്നോണ്ട്​ണ്ടായെ..കൊറേക്കാലം കർണാടകത്തിന്റെക്കം ഇണ്ടായല്ലേ. ആ പൊക്ക്​ൾക്കൊടി ബന്ധം ഇര്​ക്ക​ട്ടേന്ന്​ നിരീച്ച്​. അപ്പം നിങ്ങക്ക്​ തണ്ട്​.. നിങ്ങ എന്ത വിചാരിച്ച്​. ഈ കാസ്രോട്ടാരെല്ലം ബോളന്മാരെന്നോ’..

ഇത്രകാലം ഞങ്ങൾ അങ്ങോട്ടുവന്നില്ലേ..ഇനിയുള്ള കാലം നിങ്ങൾ ഇങ്ങോട്ടുവരുമെന്ന താക്കീതാണ്​ വിഡിയോ ഉയർത്തുന്നത്​...

ഷാഫി പൈക്ക, റഹീം പൈക്ക, സഫ്​വാൻ ചേറ്റുംകുഴി എന്നിവർ ഉൾപ്പെട്ട ടീം ബഹ്​റൈനാണ്​ വിഡിയോ തയാറാക്കിയിരിക്കുന്നത്​. സിദ്ദി പൈക്കയും ഫാറൂഖ്​ പൈക്കയുമാണ്​ ശബ്​ദം നൽകിയത്​.

Post a Comment

0 Comments