അബുദബി: യുഎഇയില്‍ ശനിയാഴ്ച കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 71 ആയി. 532 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 9,813 ആണ്.[www.malabarflash.com]
127 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,887 ആയി.
അതിനിടെ, ദുബൈക്ക് പിന്നാലെ അജ്മാനിലും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ തത്വത്തില്‍ തീരുമാനമായി. മാളുകള്‍, ഷോപ്പിങ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനമാണ് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുക.
അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി-അജ്മാന്‍) അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍, സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള തിയ്യതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, റംസാൻ മാസത്തില്‍ യുഎഇയിലെ സ്വകാര്യമേഖലയിലെ ജോലിസമയം രണ്ടുമണിക്കൂര്‍ കുറച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 30 ശതമാനമോ അതില്‍ കുറവോ പേരെ മാത്രമേ ഓഫിസുകളില്‍ അനുവദിക്കൂ. മറ്റുള്ളവര്‍ വീടുകളിലിരുന്ന് ജോലിചെയ്യുന്നത് തുടരും. സര്‍ക്കാര്‍ ഓഫിസുകളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments