കണ്ണൂര്‍: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചത് കണ്ണൂരില്‍ ആശങ്കയ്ക്കിടയാക്കുന്നു. ദുബൈയില്‍ നിന്നെത്തി 40 ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.[www.malabarflash.com]
ദുബൈയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിക്കാണ് 40 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17നാണ് 21കാരന്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ സമയം യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല.
വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു രോഗം സ്ഥിരീകിരിച്ചത്. തുടര്‍ന്ന് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്കു മാറ്റി.
ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരി ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് 37 ദിവസത്തിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരില്‍ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച മൂര്യാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി. അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടുപേര്‍ കൂടി ചൊവ്വാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 66 ആയി.
ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
0 Comments