NEWS UPDATE

6/recent/ticker-posts

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.31 കോടിയുടെ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.31 കോടി രൂപയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗം പിടികൂടി.[www.malabarflash.com]

നാല് യാത്രക്കാരില്‍ നിന്നുമായി 4.3 കിലോ സ്വര്‍ണവും വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരുന്ന ഒരു കിലോ സ്വര്‍ണവും അടക്കം 5.35 കിലോ ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഡിആര്‍ഐ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിദേശത്തു നിന്നും കേരളത്തിലേയ്ക്ക് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചസ്വര്‍ണ്ണം പിടികൂടിയത്.
മൂന്നു വിമാനങ്ങളിലായി ബാങ്കോക്ക്, അബുദാബി, ദുബൈ  എന്നിവടങ്ങളില്‍ നിന്നും വന്ന ഒരു സ്ത്രീ ഉള്‍പ്പടെയുള്ള നാല് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. 

ബാങ്കോക്കില്‍ നിന്നും വന്ന എയര്‍ ഏഷ്യ വിമാനത്തിലെ മലപ്പുറം സ്വദേശികളായ യാത്രക്കാരായ ദമ്പതികളില്‍ നിന്നും 1.1 കോടി വിലവരുന്ന 2.553 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്. പ്രത്യേക കവറുകളിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണ മിശ്രിതം കടത്തുവാന്‍ ശ്രമിച്ചത്.

അബുദാബിയില്‍ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.750 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണ ചെയിനുകളും ഉരുക്കിയ സ്വര്‍ണ്ണ കട്ടികളും മായി കൊണ്ടുവന്ന സ്വര്‍ണ്ണത്തിന് 75.5 ലക്ഷം രൂപയോളം വില വരും.
ദുബൈയില്‍ നിന്നും എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ ശുചിമുറിയില്‍ നിന്നും പൊതിഞ്ഞ് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 45.5 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഈ വിമാനം കൊച്ചിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് ആഭ്യന്തര ഫൈളാറ്റായി പോകേണ്ടതാണ്. കൊച്ചിയില്‍ നിന്നും കയറുന്ന യാത്രക്കാരന് ഈ സ്വര്‍ണം പരിശോധന കൂടാതെ ചെന്നൈയില്‍ ഇറക്കി കൊണ്ടു പോകുവാന്‍ കഴിയും.ഇത് ലക്ഷ്യമിട്ടാണ് വിമാനത്തിന്റെ ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

പിടിയിലായ നാല് യാത്രക്കാരെ തെളിവെടുപ്പ് പൂര്‍ത്തികരിച്ചതിനു ശേഷം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും

Post a Comment

0 Comments