NEWS UPDATE

6/recent/ticker-posts

മാലിന്യം കളയാൻ റോഡിലിറങ്ങിയ അഭിഭാഷകൻ അടിയേറ്റ് മരിച്ചു, ഒരാൾ അറസ്റ്റിൽ, 2 പേർ കസ്റ്റഡിയിൽ

ചെങ്ങന്നൂർ: മാലിന്യം നിറച്ച കവറുമായി വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ പുറത്തേക്കു പോയ അഭിഭാഷകൻ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രി പരിശോധന നടത്തിയ സംഘത്തിന്റെ അടിയേറ്റ് മരിച്ചു.[www.malabarflash.com] 

ചെങ്ങന്നൂർ പുത്തൻകാവ് കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ അഡ്വ. എബ്രഹാം വർഗീസ് (66) ആണ് വീടിന് സമീപത്ത് കൊല്ലപ്പെട്ടത്. മുൻ സൈനിക ഉദ്യോഗസ്ഥനാണ്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. രാത്രി 11.45ന് എബ്രഹാം മാലിന്യം നിറച്ച കവറുമായി പുറത്തേക്കു പോയതായി ഭാര്യ ജസി പറഞ്ഞു. 12 മണിയായിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു. മറ്റാെരാളാണ് ഫോണെടുത്തത്. എബ്രഹാം സ്കൂട്ടറിൽ നിന്ന് വീണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞു.

അതേസമയം,​ മർദ്ദിച്ച സംഘത്തിലെ മൂന്നു പേർ എബ്രഹാമിനെ ബൈക്കിലിരുത്തി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയതിനാൽ ആശുപത്രി ജീവനക്കാർ ചെങ്ങന്നൂർ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. അവിടെ എത്തിച്ച ശേഷം മൂവരും പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സ്കൂട്ടറിൽ നിന്ന് വീണതാണെന്നാണ് പോലീസിനോടും പറഞ്ഞത്.

തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് സംഭവം നടന്ന ഭാഗത്തെ സി.സി ടി. വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. മാലിന്യം വലിച്ചെറിയുന്നതും അടിക്കുന്നതും കാമറയിലുണ്ട്. ചിലർ ചേർന്ന് ഒരാളെ മർദ്ദിക്കുന്നത് കണ്ടെന്നും പിന്നീട് ബൈക്കിലിരുത്തി കൊണ്ടുപോയെന്നും അയൽവാസിയും പോലീസിനോട് പറഞ്ഞു. 

എബ്രഹാമിന്റെ സ്കൂട്ടർ ആശുപത്രി വളപ്പിൽ നിന്ന് കണ്ടെത്തി. അരവിന്ദും മറ്റ് രണ്ടു പേരും അപകട മരണമാണെന്ന് ആവർത്തിച്ചെങ്കിലും സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുകയായിരുന്നു.

ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനായ എബ്രഹാം വർഗീസ് കരസേനാ ഓർഡിനൻസ് ഫാക്ടറി റിട്ട. ജനറൽ മാനേജരാണ്. മക്കൾ: ഐബി, സെബി. മരുമകൻ: അനീഷ്.

Post a Comment

0 Comments