Top News

ഇബ്രാഹിംകുഞ്ഞിന് കുരുക്ക്: പാലാരിവട്ടം പാലം അഴിമതിയിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് ഗവർണർ അനുമതി നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.[www.malabarflash.com] 

മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികൾ എടുക്കാൻ കഴിയാതിരുന്നത് പ്രോസിക്യൂട്ട് ചെയ്യാനായി ഗവർണറുടെ അനുമതി കിട്ടാത്തതിനെത്തുടർന്നായിരുന്നു.

മുൻമന്ത്രിക്ക് എതിരായ അഴിമതിക്കേസിലെ നടപടികൾക്ക് ഗവർണറുടെ അനുമതി ആവശ്യമാണ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി തേടിയപ്പോൾ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എസ്‍പി രാജ്ഭവന് കൈമാറി.

ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് അടക്കമുള്ളവർ നൽകിയ മൊഴികളുമാണ് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ എജിയോട് നിയമോപദേശവും തേടിയിരുന്നു.

ഇതിനെല്ലാം ശേഷമാണ്, ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ സർക്കാരിന് അഴിമതി നൽകുന്നത്.

നേരത്തേയും പാലാരിവട്ടം പാലം കേസ് കോടതി പരിഗണിച്ചപ്പോൾ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ അനുമതിക്ക് കാത്തിരിക്കുകയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിനായി കരാറിലില്ലാത്ത വ്യവസ്ഥ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് നിർമാണ കമ്പനിക്ക് നൽകിയത് ക്രമക്കേടാണ്. വി കെ ഇബ്രാഹിംകുഞ്ഞിന് ഇതിലുള്ള പങ്ക് അന്വേഷിക്കേണ്ടതുണ്ട്. അതിനുള്ള തെളിവുണ്ട്. പക്ഷേ, അഴിമതി നിരോധനനിയമപ്രകാരം ഇതിന് അധികൃതരുടെ മുൻകൂർ അനുമതി വേണം. ഇതിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിജിൻസ് ഡിവൈഎസ്‍പി വി ശ്യാംകുമാർ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമേ, കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനിൽക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹർജി ഹൈക്കോടതിയിലുണ്ട്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേർത്ത് അന്വേഷിക്കണമെന്നാണ് ഹർജി.

പാലാരിവട്ടം പാലം നിർമാണക്കരാർ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്നും ഹർജിയിൽ പറയുന്നുണ്ട്.

Post a Comment

Previous Post Next Post