Top News

അയോധ്യ ക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് രൂപികരിച്ചതായി പ്രധാനമന്ത്രി ലോക്‌സഭയില്‍

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമാണത്തിനു ശ്രീ രാമജന്മഭൂമി തീർഥാടന ക്ഷേത്ര ട്രസ്റ്റിന് കേന്ദ്രസർക്കാർ രൂപം നൽകി. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു പ്രധാനമന്ത്രി ലോക്സഭയിൽ‌ അറിയിച്ചു.[www.malabarflash.com]

ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര എന്നായിരിക്കും ട്രസ്റ്റ് അറിയപ്പെടുക. സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇതെന്നും അയോധ്യ കേന്ദ്രീകരിച്ച് ട്രസ്റ്റ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം സുന്നി വഖഫ് ബോർഡിനായി യുപി സർക്കാർ അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി. സർക്കാർ ഏറ്റെടുത്ത 67 ഏക്കർ ഭൂമിക്കു പുറത്തായിരിക്കും പള്ളിയെന്നും പ്രധാനമന്ത്രി അറിയിച്ചു. ഫെബ്രുവരി ഒമ്പതിനു മുമ്പ് ഈ ട്രസ്റ്റ് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.

മന്ത്രിസഭാ തീരുമാനം അറിയിക്കുന്ന പതിവു രീതി വിട്ട്, കേന്ദ്ര മന്ത്രിസഭാ യോഗത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നേരിട്ടെത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, ട്രസ്റ്റിലെ അംഗങ്ങളെ ഉച്ചയ്ക്ക് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്നതിനൊപ്പം പ്രഖ്യാപിക്കും. അയോധ്യയിലെ 67.703 ഏക്കറി തർക്കഭൂമി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുതായി രൂപം നൽകിയ ട്രസ്റ്റിന് കൈമാറും.

നവംബർ ഒൻപതിലെ അയോധ്യ വിധിക്കു ശേഷം, രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോടുള്ള വിശ്വാസം ഒരിക്കൽകൂടി തെളിയിച്ച ഇന്ത്യൻ ജനതയെ മോദി അഭിനന്ദിച്ചു. മോദി അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ പ്രഖ്യാപനത്തിനു തിരഞ്ഞെടുത്ത സമയത്തെ കോൺഗ്രസ് എംപിമാരിൽ ചിലർ ചോദ്യം ചെയ്തു.

നേരത്തെ പല സുപ്രധാന വിഷയങ്ങളിലും പാർലമെന്റിൽ മോദിയുടെ മറുപടി ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന ഡൽഹി തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് പാർലമെന്റിൽ എത്തിയതെന്ന് കോൺഗ്രസ് എംപിമാർ ആരോപിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കെണ്ടിരിക്കവെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം.

Post a Comment

Previous Post Next Post