NEWS UPDATE

6/recent/ticker-posts

ജാമിയയില്‍ മാര്‍ച്ചിനിടെ സംഘര്‍ഷം; പോലീസ് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജാമിയ നഗറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ അക്രമം. സമരക്കാര്‍ക്കു നേരെ പോലീസ് അതിക്രമം കാട്ടിയതായും സമരക്കാരായ സ്ത്രീകളെയടക്കം ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തില്‍ പരിക്കേറ്റ 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.[www.malabarflash.com]

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥികളും പൊതുജനങ്ങളുമടങ്ങുന്ന സംഘം ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ഓഖ്‌ല ഹോളി ഫാമിലി ആശുപത്രിക്ക് സമീപത്തുവെച്ച് സമരക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും നടക്കുകയായിരുന്നു.

പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ അനുവാദമില്ലെന്ന് പോലീസ് അറിയിച്ചെങ്കിലും സമരക്കാര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചു. വലിയ പോലീസ് സംഘം സമരക്കാരുടെ വഴിയില്‍ നിലയുറപ്പിക്കുകയും മാര്‍ച്ച് വഴിതിരിച്ചു വിടുകയും ചെയ്തു.

അതേസമയം, പോലീസ് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ അടക്കം ക്രൂരമായി മര്‍ദ്ദിച്ചെന്നും സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആരോപിച്ചു. പോലീസ് തങ്ങളെ തള്ളിമാറ്റുകയും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്‌തു. സ്ത്രീകള്‍ അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.

Post a Comment

0 Comments