Top News

ഗർഭം ധരിപ്പിക്കാം, നിധി കണ്ടെത്തിത്തരാം: 'ഓഫറു'മായി ആൾദൈവം, യുവതിയെയും പ്രായപൂർത്തിയാകാത്ത സഹോദരിമാരെയും പീഡിപ്പിച്ചു

പൂനെ: വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തി തരാമെന്നും ഗർഭം ധരിക്കാൻ പ്രത്യേക പൂജകൾ നടത്താമെന്നും പറഞ്ഞുകൊണ്ട് യുവതിയെയും പ്രായപൂർത്തിയാകാത്ത സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ച ആൾദൈവത്തെ പോലീസ് പിടികൂടി.[www.malabarflash.com]

മഹാരാഷ്ട്രയിലെ പൂനെയിൽ 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത്. കഴിഞ്ഞ തികളാഴ്ചയോടെ യുവതി നൽകിയ പരാതിയിലാണ് 32കാരനായ സോംനാഥ് ചവാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പീഡിപ്പിച്ച നാല് പെൺകുട്ടികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വീട്ടിലുള്ള പെൺകുട്ടികൾ ഗർഭം ധരിക്കാതിരിക്കാനായി കുടുംബത്തിനെതിരെ ഒരാൾ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും അത് പരിഹരിക്കാൻ താൻ ചില പ്രത്യേക പൂജകൾ ചെയ്യാം എന്നും മറ്റും പറഞ്ഞ് കുടുംബത്തെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇയാൾ വീട്ടിൽ കയറിക്കൂടുന്നത്. 

വീട്ടിലെ ഒരു സഹോദരിയുടെ ജീവൻ അപകടത്തിൽ ആണെന്ന് പറഞ്ഞുകൊണ്ട് ജീവൻ രക്ഷിക്കാനും വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനും താൻ പൂജകൾ നടത്താമെന്നും ഇയാൾ പറഞ്ഞിരുന്നു.

ഇതിനായി വീട്ടിലെ യുവതിയോട് ഇയാൾ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ പെൺകുട്ടികൾ പല സമയങ്ങളിലായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. 

പീഡനത്തിലെ ഇരയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന തരത്തിൽ ഇയാൾ വ്യാജരേഖ ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദ നിരോധന നിയമം, പോക്സോ, നരബലിക്കെതിരെയുള്ള നിയമം, എന്നീ വകുപ്പുകൾ ചേർത്തുകൊണ്ട് നിരവധി കുറ്റങ്ങളാണ് പോലീസ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post