NEWS UPDATE

6/recent/ticker-posts

പൗരത്വ ഭേദഗതി: പ്രതിഷേധം തുടരണമെന്ന് കാന്തപുരം

കോഴിക്കോട്: പൗരത്വ നിയമഭേദഗതി വിഷയത്തില്‍ പ്രതിഷേധം തുടരേണ്ട സാഹചര്യമാണുള്ളതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

ഇത് കോടതി നീട്ടിക്കൊണ്ട് പോകേണ്ട ആവശ്യമില്ല. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണ് പൗരത്വനിയമഭേദഗതി നിയമമെന്നാണ് എല്ലാ ഹരജികളിലും ചൂണ്ടിക്കാട്ടുന്നതെന്നും കാന്തപുരം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലാഴ്ച നീട്ടിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. സമയം നീട്ടിക്കൊടുക്കുമ്പോള്‍ ഇനിയും കൂടുതല്‍ ഹരജികള്‍ സുപ്രീം കോടതിയിലെത്തും. നാലാഴ്ച കൊണ്ട് സുപ്രീം കോടതി തീരുമാനത്തിലെത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നല്ല പ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോടതി ഉദ്ദേശിക്കില്ലെന്നാണ് പ്രതീക്ഷ. മുസ്ലിംകള്‍ക്ക് മാത്രമല്ല നിയമം കൊണ്ട് പ്രശ്നങ്ങളുണ്ടാകുക. രാജ്യത്തെ 75ശതമാനം ആളുകളും നിയമത്തിനെതിരാണ്. ജെ എന്‍ യു, ജാമിഅ മില്ലിയ എന്നീ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയമോ നാടോ മറ്റൊന്നും നോക്കാതെയാണ് ആദ്യമായി സമരരംഗത്ത് വന്നത്.

ഇന്ത്യന്‍ ഭരണഘടന നശിപ്പിക്കുന്നതിനെതിരെയാണ് ഈ സമരങ്ങളെല്ലാം. ഇക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ സമരം നടക്കും. എല്ലാവരും യോജിച്ചുള്ള സമരമാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

ഭിന്നിച്ചുകൊണ്ടുള്ള സമരം ഫലപ്രദമല്ല. അക്രമങ്ങളോ ബഹളങ്ങളോ ഇല്ലാത്ത സമരമുറകളാണ് ഉണ്ടാവേണ്ടത്. എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ചുള്ള സമരം നടത്തണമോ എന്നത് അവരുടെ അഭിപ്രായമാണെന്നും ചോദ്യത്തിനുത്തരമായി കാന്തപുരം പറഞ്ഞു. അക്കാര്യത്തില്‍ കൈകടത്താനില്ല. ആദ്യം നടത്തിയത് പോലെ യോജിച്ചുള്ള സമരം വേണമെന്നാണെന്നും കാന്തപുരം പറഞ്ഞു.

Post a Comment

0 Comments