Top News

പുല്‍വാമ അക്രമണം; കേന്ദ്ര സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി

പെരിയ: പുല്‍വാമ അക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് രാജ്യദ്രോഹകേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി.[www.malabarflash.com]

പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അവാലരാമുവിനെയാണ് പുറത്താക്കിയത്.

2019 ഫെബ്രുവരിയില്‍ അവാലരാമു പുല്‍വാമഅക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാമുവിനെ സസ്‌പെന്റ് ചെയ്തു. ഇതിനു പുറമെ കേന്ദ്രസര്‍വ്വകലാശാല അധികൃതര്‍ രാമുവിനെതിരെ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. 11 മാസത്തിന് ശേഷമാണ് രാമുവിനെ പുറത്താക്കിയതായി കേന്ദ്ര സര്‍വ്വകലാശാലയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ നിന്നും അറിയിപ്പ് വന്നത്.

സര്‍വ്വകലാശാല രൂപീകരിച്ച പ്രത്യേക സമിതി ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുകയും വിദ്യാര്‍ത്ഥിയുടെ പ്രസ്താവനകള്‍ സര്‍വ്വകലാശാലയുടെ സല്‍പേരിന് ദോഷമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കി.

അതേ സമയം സര്‍വ്വകലാശാലയിലെ പല സമരങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടായിരുന്ന അവാലരാമുവിനെ പുറത്താക്കിയതിന് പിന്നില്‍ പകപോക്കലാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കോഴ്‌സ് കഴിയും വരെ നടപടികളൊന്നും സ്വീകരിക്കാതെ പ്രതികാരം തീര്‍ക്കുകയാണ് ചെയ്തതെന്ന് അവര്‍ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post