Top News

റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

കണ്ണൂർ: കണ്ണൂർ കായലോട് സ്വദേശിയായ 40കാരി റസീനയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. പറമ്പായി സ്വദേശികളായ മുബഷിർ, ഫൈസൽ, റഫ്നാസ് എന്നിവരാണ് പിടിയിലായത്. 21കാരനുമായി സംസാരിച്ച് നിന്നത് പ്രതികൾ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു റസീന ജീവനൊടുക്കിയത്.[www.malabarflash.com]


കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. റസീനയും മയ്യിൽ സ്വദേശിയായ സുഹൃത്തും കായലോട്ടെ പള്ളിക്ക് സമീപം കാറിനരികിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. പ്രതികളായ മുബഷിർ, ഫൈസൽ, റഫ്നാസ് എന്നിവരടങ്ങുന്ന സംഘം അങ്ങോട്ടേക്കെത്തി. യുവാവിനെയും റസീനയെയും പരസ്യ വിചാരണ ചെയ്തു. പിന്നീട് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. തുടർന്ന് മയ്യിൽ സ്വദേശിയായ യുവാവിനെ ബലമായി സമീപത്തെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു. എസ്ഡിപിഐ ഓഫീസിൽ എത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. കയ്യിൽ ഉണ്ടായിരുന്ന ടാബും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഒടുവിൽ ഇരുവരുടെയും ബന്ധുക്കളെ അടക്കം വിളിച്ചുവരുത്തിയാണ് യുവാവിനെ പറഞ്ഞുവിട്ടത്.

അന്നേ ദിവസം രാത്രിയാണ് റസീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്നാണ് ആത്മഹത്യയെന്ന് സൂചനയുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് എസ്ഡിപിഐ പ്രവർത്തകരായ മൂന്നുപേർ പൊലീസ് പിടിയിലായത്. 

ഇവരിൽനിന്ന് യുവാവിന്റെ മൊബൈൽ ഫോണും ടാബും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post