Top News

പദ്മശ്രീ ജേതാവായ സന്യാസി ആറു മാസത്തിനിടെ 12 തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി

കൊൽക്കത്ത: പത്മശ്രീ പുരസ്‌കാര ജേതാവായ സന്യാസി കാര്‍ത്തിക് മഹാരാജ് 2013-ല്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തുന്നത്. പോലീസ് കേസെടുത്തു.[www.malabarflash.com] 

ഭാരത് സേവാശ്രം സംഘത്തിലെ സന്യാസികളില്‍ ഒരാളായ കാര്‍ത്തിക് മഹാരാജ്, ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ആരോപണം ഇദ്ദേഹം നിഷേധിച്ചു.

ആശ്രമത്തിനടുത്തുള്ള ഒരു സ്‌കൂളില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് മുര്‍ഷിദാബാദിലെ ഒരു ആശ്രമത്തിലേക്കാണ് കാര്‍ത്തിക് മഹാരാജ് തന്നെ കൊണ്ടുപോയതെന്നാണ് ഇവരുടെ ആരോപണം. ആശ്രമത്തില്‍ താമസസൗകര്യവും നല്‍കിയിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഒരു ദിവസം കാര്‍ത്തിക് മഹാരാജ് തന്റെ മുറിയില്‍ കയറിവന്ന് തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതിയുടെ ആരോപണം. 2013 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഭയവും നിസ്സഹായതയും കാരണമാണ് ഇത്രയും വര്‍ഷം സംഭവത്തെക്കുറിച്ച് മൗനം പാലിച്ചതെന്നും യുവതി പറഞ്ഞു. പോലീസിനെ സമീപിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.

അതേസമയം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കാര്‍ത്തിക് മഹാരാജിന്റെ പ്രതികരണം. സ്ത്രീ പരാമര്‍ശിച്ച ആശ്രമത്തില്‍ താമസസൗകര്യം അനുവദിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ തന്റെ അഭിഭാഷകര്‍ കോടതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post