Top News

ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു; പ്രദേശവാസികളുടെ പരാതിയിൽ കേസ്, കബറടക്കിയ മൃതദേഹം പുറത്തെടുത്തു

കോ‌ട്ടയ്ക്കൽ: 14 മാസം പ്രായമായ കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കാടാമ്പുഴ പോലീസ് കേസെടുത്തു. പാങ്ങ് ചേണ്ടി കൊട്ടേക്കാരൻ നവാസിന്റെയും ഹിറ ഹറീരയുടെയും മകൻ ഇസൻ ഇർഹാനാണ് എടരിക്കോട് നോവപ്പടിയിലെ വാടക ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച വൈകിട്ടു മരിച്ചത്.[www.malabarflash.com] 

ഡോക്ടറെ വിളിച്ചു മരണം സ്ഥിരീകരിച്ച രക്ഷിതാക്കൾ കുഞ്ഞിനെ വെള്ളിയാഴ്ച രാവിലെ സ്വദേശമായ പാങ്ങിലെ വീട്ടിലെത്തിച്ച ശേഷം പടിഞ്ഞാറ്റുംമുറി ജുമാ മസ്ജിദിൽ കബറടക്കി. പ്രദേശവാസികളായ ചിലരുടെ പരാതിയെത്തുടർന്നാണു കേസെടുത്തത്.

അക്യുപംക്ചർ ചികിത്സ നടത്തുന്നയാളാണു കുട്ടിയുടെ മാതാവ് ഹിറ ഹറീര. ഈ മാസമാദ്യം കുട്ടിക്കു മഞ്ഞപ്പിത്ത ലക്ഷണങ്ങളുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിനു മൊഴി നൽകി. എന്നാൽ കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനു പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി കബറടക്കിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് മ‍ഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച  പോസ്റ്റ്മോർട്ടം നടത്തും.

പാൽകുടിക്കുന്നതിനിടെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായെന്നും ഡോക്ടറെ വിളിച്ചുവരുത്തിയപ്പോൾ മരിച്ചതായി അറിഞ്ഞെന്നുമാണു രക്ഷിതാക്കൾ പോലീസിനോടു പറഞ്ഞത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ കുഞ്ഞു മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. 

ഹിറ ഹറീര വീട്ടിൽവച്ചാണ് ഇർഹാനെ പ്രസവിച്ചത്. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന രീതിയിലും ആധുനിക ചികിത്സാരീതികളെ വിമർശിച്ചും ഒട്ടേറെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവച്ചിരുന്നു. ഇസെൽ അയിഷാൻ ആണ് ഇർഹാന്റെ സഹോദരി.

Post a Comment

Previous Post Next Post