Top News

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷപ്പെട്ടത് ഒരാൾ മാത്രം, മരിച്ചവരിൽ വിജയ് രൂപാണിയും

ഗാന്ധിനഗര്‍: അഹമ്മദാബാദ് വ്യോമദുരന്തത്തിൽനിന്ന് ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് സൂചന. അതേസമയം, വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പെടെയുള്ള മറ്റ് 241 പേരും മരിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.[www.malabarflash.com]

രമേഷ് വിശ്വാസ് കുമാർ (38) എന്നയാളാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശിയും നഴ്സുമായ രഞ്ജിത ജി. നായർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-നായിരുന്നു എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് പൈലറ്റുമാരും പത്ത് കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറി.

അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍( ഡിജിസിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8 നെ വിശേഷിപ്പിക്കുന്നത്.

പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ലണ്ടനില്‍ നഴ്സായിരുന്നു. നാട്ടില്‍വന്ന് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇവർ. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് രഞ്ജിത അഹമ്മദാബാദിലേക്ക് പോയത്. മക്കൾ: ഇന്ദുചൂഡൻ (പത്താം ക്ലാസ് വിദ്യാർഥി, എസ് വി എച്ച് എസ് എസ് പുല്ലാട്), ഇതിഗ - ഏഴാം ക്ലാസ്, ഒഇഎം സ്കൂൾ ഇരവിപേരൂർ).

Post a Comment

Previous Post Next Post