കൊലയാളികള്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍, ബൊലേറോ പിക്കപ്പ് എന്നിവയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പിടികൂടിയതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതിയായ അബ്ദുല്‍ സഫ്‌വാന്‍ ആണ് കൊലപാതകം ആസൂത്രണം നടത്തിയതെന്നു പോലീസ് വെളിപ്പെടുത്തി. മെയ് ഒന്നിന് രാത്രി 8.30 മണിയോടെയാണ് മംഗ്‌ളൂരുവില്‍ വലിയ സംഘര്‍ഷത്തിനു ഇടയാക്കിയ കൊലപാതകം നടന്നത്.
അറസ്റ്റിലായ ആദില്‍ മെഹ്‌റൂഫ് 2022ല്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ്. പ്രസ്തുത കൊലപാതകത്തിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് പ്രതികള്‍ അറസ്റ്റിലായ വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച്, 2023ൽ അബ്ദുൾ സഫ്‌വാനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം സുഹാസ് ഷെട്ടിയിൽ നിന്ന് പ്രതികാരം ഉണ്ടാകുമെന്ന് സഫ്‌വാൻ ഭയന്നു. സഫ്‌വാൻ ഈ ആശങ്ക മറ്റ് രണ്ട് പ്രതികളുമായി പങ്കുവെക്കുകയും അവരൊരുമിച്ച് കൊല്ലപ്പെട്ട ഫാസിലിൻ്റെ സഹോദരനും സഫ്‌വാന് പരിചയമുള്ളയാളുമായ ആദിൽ മഹറൂഫിനെ സമീപിക്കുകയും ചെയ്തു. സുഹാസ് ഷെട്ടിയെ കൊലപ്പെടുത്താൻ അഞ്ച് ലക്ഷം രൂപയുടെ കരാർ ഉറപ്പിക്കുകയും മൂന്ന് ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
ഈ ഗൂഢാലോചനയിലേക്ക് പിന്നീട് കലന്ദർ ഷാഫി, റിസ്വാൻ, നിയാസ് എന്നിവരും പങ്കുചേർന്നു. നിയാസാണ് കലാസയിൽ നിന്നുള്ള രഞ്ജിത്തിനെയും നാഗരാജിനെയും ഈ പദ്ധതിയിലേക്ക് കൊണ്ടുവന്നത്. നാഗരാജും രഞ്ജിത്തും സഫ്‌വാൻ്റെ വീട്ടിൽ താമസിക്കുകയും നിയാസുമായി അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. പ്രതികൾ ഇതിനുമുൻപ് രണ്ടുതവണ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങൾ വാടകയ്‌ക്കെടുത്തതായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.
0 Comments